റിയാദ് : സൗദി കേന്ദ്ര ബാങ്ക് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തി. റിപ്പോ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് അഞ്ചു ശതമനമായും റിവേഴ്‌സ് റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ നിന്ന് നാലര ശതമാനമായുമാണ് ഉയര്‍ത്തിയത്. പ്രാദേശിക, ആഗോള വിപണികളിലെ സാമ്പത്തിക സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പണസ്ഥിരത നിലനിര്‍ത്താനും സാമ്പത്തിക മേഖലാ സ്ഥിരതക്ക് പിന്തുണ നല്‍കാനും ലക്ഷ്യമിട്ടാണ് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തിയതെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. മറ്റു ജി.സി.സി രാഷ്ട്രങ്ങളും വായ്പാ നിരക്ക് ഉയർത്തിയിട്ടുണ്ട്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സൗദി സെന്‍ട്രല്‍ ബാങ്കും നിരക്കുകള്‍ ഉയര്‍ത്തിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലതവണ വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. നാലു ദശകത്തിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിനാണ് അമേരിക്ക സാക്ഷ്യം വഹിക്കുന്നത്. പണപ്പെരുപ്പം കുറക്കാനും സാമ്പത്തിക മാന്ദ്യം തടയാനും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. പണപ്പെരുപ്പം രണ്ടു ശതമാനമായി കുറക്കാനാണ് വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പറഞ്ഞു.
കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയിന്മേല്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ. വാണിജ്യ ബാങ്കുകളില്‍ നിന്ന് കേന്ദ്ര ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപങ്ങളുടെ പലിശയാണ് റിവേഴ്‌സ് റിപ്പോ. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ വായ്പാ നിരക്ക് നയങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടരുകയാണ് സൗദി അറേബ്യ ചെയ്യുന്നത്. യു.എ.ഇയും ഖത്തറും ബഹ്‌റൈനും വായ്പാ നിരക്കുകള്‍ അര ശതമാനം തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്.