റിയാദ്- കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയി തിരികെ വരാത്തവർ വ്യവസ്ഥകൾ പാലിക്കാതെ പുതിയ വിസയിൽ വരുന്നത് കാരണം സൗദി വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുന്നു. റീ എൻട്രിയിൽ പോയവർ തിരികെ വന്നില്ലെങ്കിൽ മൂന്നു വർഷത്തിന് ശേഷം മാത്രമേ മറ്റൊരു തൊഴിലുടമയുടെ വിസയിലെത്താവൂവെന്ന് സൗദി ജവാസാത്ത് വിഭാഗം ആവർത്തിച്ച് അറിയിച്ചിട്ടും അതൊന്നും ഗൗനിക്കാതെ പലരും വരുന്നതാണ് തിരിച്ചയക്കാൻ കാരണം.
കോവിഡ് കാലത്ത് റീ എൻട്രിയിൽ പോയവരിൽ പലർക്കും തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പലരോടും തിരിച്ചു വരേണ്ടതില്ലെന്നാണ് കമ്പനികൾ ആവശ്യപ്പെട്ടിരുന്നത്. അവർക്ക് റീ എൻട്രി കാലാവധി നീട്ടിക്കിട്ടിയില്ല.
തൊഴിലുടമകൾ റീ എൻട്രി പുതുക്കാൻ മടിച്ചു നിന്നപ്പോൾ പലർക്കും സൗദി രാജാവിന്റെ കാരുണ്യത്തിന്റെ ഭാഗമായി ഇഖാമയോടൊപ്പം റീ എൻട്രിയും സൗജന്യമായി പുതുക്കിക്കിട്ടി. കാലാവധി ദീർഘിപ്പിച്ചു ലഭിച്ച പലരും ഈ ആനുകൂല്യങ്ങളെല്ലാം ഉപയോഗിച്ച് നിശ്ചിത സമയത്ത് സൗദിയിൽ തിരിച്ചെത്തി. ചിലരുടെ റീ എൻട്രികൾ നിർഭാഗ്യവശാൽ ആനുകൂല്യത്തിന്റെ ഭാഗമായോ മറ്റോ പുതുക്കി കിട്ടിയതുമില്ല.
മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ വാസം, കോവിഡ് ടെസ്റ്റുകൾ, കോവിഡ് സർട്ടിഫിക്കറ്റുകളുടെ രജിസ്‌ട്രേഷൻ, സൗദിയിൽ എത്തിയാലുള്ള ക്വാറന്റൈൻ തുടങ്ങിയ വ്യവസ്ഥകൾ നടപ്പാക്കിയതോടെ ലക്ഷക്കണക്കിന് രൂപയുടെ ചെലവുകൾ താങ്ങാൻ കഴിയാത്തതിനാൽ പല റീ എൻട്രിക്കാരും തിരിച്ചുവരാൻ മടിച്ചു. കടുത്ത കോവിഡ് വ്യവസ്ഥകൾ പിൻവലിക്കുമെന്ന പ്രതീക്ഷയോടെ അവർ നാട്ടിൽ തന്നെ തുടർന്നു. ഇവരാണ് ഇപ്പോൾ സൗദിയിലേക്ക് വരാൻ വഴി തേടുന്നത്.
സൗദി ജവാസാത്ത് ഡയറക്ടറേറ്റിന്റെ വിശദീകരണമനുസരിച്ച് ഹിജ്‌റ കലണ്ടർ പ്രകാരം റീ എൻട്രി കാലാവധി അവസാനിച്ച് മൂന്നു വർഷത്തിന് ശേഷം മാത്രമേ പുതിയ തൊഴിലുടമയുടെ തൊഴിൽ വിസയിൽ സൗദിയിലെത്താനാവൂ. നേരത്തെയുള്ള തൊഴിലുടമയുടെ വിസയിൽ എത്തുന്നതിന് ഈ കാലാവധി ബാധകവുമല്ല. ഇക്കാലയളവിനുള്ളിൽ സന്ദർശക വിസയിലോ ഹജ്, ഉംറ വിസയിലോ വരാനാവില്ല. മൂന്നു വർഷമെന്ന കാലാവധി സൗദിയിലേക്ക് വരുന്നവർ പരിശോധിച്ച് ഉറപ്പിക്കണമെന്ന് ജവാസാത്ത് ആവശ്യപ്പെടുന്നു.
എന്നാൽ റീ എൻട്രി കാലാവധി സൗജന്യമായി സൗദി സർക്കാർ നീട്ടിയത് അറിയാതെയാണ് പലരുമിപ്പോൾ മൂന്നു വർഷം കണക്കാക്കി പുതിയ വിസയിലെത്തുന്നത്. രാജകാരുണ്യ പ്രകാരം നീട്ടിക്കിട്ടിയിട്ടും വരാതിരുന്നവർ സൗദിയിലേക്ക് വരുമ്പോൾ അവരുടെ മുൻ റീ എൻട്രിയുടെ കാലാവധി പരിശോധിക്കണം. അവർ അറിയാതെ അവരുടെ റീ എൻട്രി പുതുക്കിയിട്ടുണ്ടാകും. സൗദി ജവാസാത്തിൽ നിന്ന് റീ എൻട്രി വിശദാംശങ്ങൾ ലഭിക്കുന്നതാണ്. അതല്ലെങ്കിൽ മുഖീം വെബ്‌സൈറ്റിൽ നിന്നുമറിയാം.
അതേസമയം, റീ എൻട്രിയിൽ പോയവർ തിരിച്ചു വന്നിട്ടില്ലെങ്കിൽ തൊഴിലുടമ അവർ തിരിച്ചു വന്നില്ലെന്ന് ജവാസാത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടാവും. ശേഷം അവരുടെ പേര് സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും. അവർ തിരിച്ചു വരാത്തതുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങൾ തൊഴിലുമടക്ക് ഒഴിവായിക്കിട്ടാൻ വേണ്ടിയാണിത്. ലേബർ ഓഫീസ് സിസ്റ്റത്തിൽ ആപ്‌സെന്റ് ഫ്രം വർക്ക് എന്ന സ്റ്റാറ്റസിലായിരിക്കും ഇവരുണ്ടാവുക. എന്നാലും റീ എൻട്രി അവസാനിച്ച് മൂന്നു വർഷം കഴിഞ്ഞാൽ മറ്റൊരു തൊഴിലുടമയുടെ വിസയിൽ തിരിച്ചുവരുന്നതിന് തടസ്സമുണ്ടാകില്ല.