റിയാദ് : ഈ വർഷം മൂന്നാം പാദാവസാനത്തോടെ സൗദിയിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 9,78,445 ആയി ഉയർന്നതായി സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി അറിയിച്ചു. രണ്ടാം പാദത്തെ അപേക്ഷിച്ച് 9.7 ശതമാനം വളർച്ച. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ 36.1 ശതമാനം റിയാദ് പ്രവിശ്യയിലും 20.6 ശതമാനം മക്ക പ്രവിശ്യയിലും 12.5 ശതമാനം കിഴക്കൻ പ്രവിശ്യയിലുമാണ്.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ മൂന്നിലൊന്നോളം (30.7 ശതമാനം) മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവയാണ്. 20.7 ശതമാനം നിർമാണ മേഖലയിലും 11.6 ശതമാനം സപ്പോർട്ട് സർവീസ് മേഖലയിലും പ്രവർത്തിക്കുന്നു.
രാജ്യത്ത് 2025 ഓടെ ധനസാങ്കേതികവിദ്യ സ്ഥാപനങ്ങളുടെ എണ്ണം 65 ശതമാനം തോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്‌നോളജി മേഖലയിലെ എമർജിംഗ് സ്ഥാപനങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വായ്പകൾ 310 കോടി റിയാലായി മൂന്നാം പാദത്തിൽ ഉയർന്നു.
ഇത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പകളിൽ 266 ശതമാനം വളർച്ച രേഖപ്പെടുത്തി. സൗദിയിലുള്ള ശക്തമായ ഡിജിറ്റൽ പശ്ചാത്തല സൗകര്യങ്ങൾ കൊറോണ മഹാമാരി കാലത്ത് ബിസിനസ് തുടർച്ച ഉറപ്പു വരുത്താനും ഡിജിറ്റൽ മേഖലയുടെ അഭിവൃദ്ധിക്കും സഹായിച്ചു. ഡിജിറ്റൽ മത്സരക്ഷമതയിൽ ജി-20 രാജ്യങ്ങളിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്താണ്.
ഫലഭൂയിഷ്ഠമായ കൃഷിഭൂമികളുള്ള അൽജൗഫ് പ്രവിശ്യയിൽ വ്യത്യസ്ത ഇനം കാർഷികോൽപന്നങ്ങൾ വിളയുന്നു. സൗദിയിൽ ഉൽപാദിപ്പിക്കുന്ന ഒലീവ് എണ്ണയുടെ 67 ശതമാനവും അൽജൗഫ് പ്രവിശ്യയുടെ സംഭാവനയാണ്. അൽജൗഫിൽ 52,000 ഏക്കറിലായി 50 ലക്ഷത്തിലേറെ ഒലീവ് മരങ്ങളുണ്ട്. പ്രതിവർഷം 33,000 ടൺ ഒലീവും 5500 ടൺ ഒലീവ് എണ്ണയും അൽജൗഫ് പ്രവിശ്യയിൽ ഉൽപാദിപ്പിക്കുന്നതായും അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു.