ദുബായ് : രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ മാര്‍ഗരേഖ പ്രഖ്യാപിച്ച് യുഎഇ മന്ത്രാലയം. യുഎഇ മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട ഏഴ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ പുറത്തിറക്കിയത്. മന്ത്രാലയത്തിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് ഓരോ കമ്പനിയുടെയും ചുമതലയാണ്.
അസംസ്‌കൃത സാധനങ്ങളോ നിര്‍മ്മാണ വസ്തുക്കളോ ഉപകരണങ്ങളോ മാലിന്യങ്ങളോ സംഭരിക്കുന്നതിന് കമ്പനിയുടെ ഹാളുകള്‍ താത്കാലിക സംഭരണ സ്ഥലങ്ങളായി ഉപയോഗിക്കരുത് എന്നതാണ് മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. അതേപോലെ, കമ്പനികളിലെ യന്ത്രസാമഗ്രികള്‍ക്ക് ചുറ്റും തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും അവരുടെ ജോലികള്‍ ചെയ്യാനും സൗകര്യം നല്‍കുന്ന രീതിയില്‍ മതിയായ ഇടം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. അപകട സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
തൊഴിലാളികളെ വീഴുന്നതില്‍ നിന്നും വീഴുന്ന വസ്തുക്കളില്‍ നിന്നും മറ്റ് അപകടകരമായ വസ്തുക്കളില്‍ നിന്നും സംരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. മാര്‍ഗരേഖയിലെ നാലാമത്തെ നിര്‍ദ്ദേശം, കമ്പനികള്‍ ജോലിസ്ഥലങ്ങള്‍ക്കോ സൗകര്യങ്ങള്‍ക്കോ സമീപമുള്ള ചതുപ്പുനിലങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും നികത്തണം എന്നതാണ്. ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും മറ്റു സാമഗ്രികളും അഗ്‌നി പ്രതിരോധശേഷിയുള്ളതും അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കും സാങ്കേതിക ഫീച്ചറുകള്‍ക്കും അനുസൃതമായിരിക്കണം.
കമ്പനി ജീവനക്കാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കമ്പനിയിലെ സൗകര്യങ്ങള്‍, പ്രവേശന കവാടങ്ങള്‍, എക്‌സിറ്റുകള്‍, എമര്‍ജന്‍സി എക്‌സിറ്റ് ലൊക്കേഷനുകള്‍ എന്നിവ കൃത്യമായി അടയാളപ്പെടുത്തി നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. ജോലിസ്ഥലത്തെ നിലത്തിന് ദ്വാരങ്ങളോ തടസ്സങ്ങളോ ഇല്ലാത്ത സമമായതും പരന്നതുമായ ഉപരിതലം ഉണ്ടായിരിക്കണം. എന്നു മാത്രമല്ല, ജോലിയുടെ സ്വഭാവത്തിന് അനുയോജ്യമായി സുരക്ഷിതത്വം ഉള്ളതുമായിരിക്കണമെന്നും മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ പറയുന്നു.