റിയാദ് : പാസ്‌പോര്‍ട്ടില്ലാതെ തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് സൗദി പൗരന്മാര്‍ക്കും ഗള്‍ഫ് പൗരന്മാര്‍ക്കും ഖത്തറിലേക്ക് പോകാവുന്നതാണെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു. ഖത്തറിലേക്ക് പോകുന്ന ഗള്‍ഫ് പൗരന്മാരും ഗള്‍ഫില്‍ കഴിയുന്ന വിദേശികളും ഹയ്യാ കാര്‍ഡ് നേടണമെന്ന വ്യവസ്ഥ ഖത്തര്‍ എടുത്തുകളഞ്ഞതോടെയാണിത്. ഗള്‍ഫ് പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് അംഗ രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി യാത്ര പോകാന്‍ നേരത്തെ മുതല്‍ അനുമതിയുണ്ട്.
എന്നാല്‍ ലോകകപ്പ് സംഘാടനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പ്രകാരം ഗള്‍ഫ് പൗരന്മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ ഖത്തറിലേക്ക് പ്രവേശനം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ഇതാണിപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നേരിട്ട് വീക്ഷിക്കാന്‍ ആഗ്രഹിച്ച് ഖത്തറിലേക്ക് പോകുന്നവര്‍ ഹയ്യാ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്നും സൗദി ജവാസാത്ത് പറഞ്ഞു.