റിയാദ്: അടുത്ത സാമ്പത്തിക വർഷത്തെ സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റും 2022 ബജറ്റിന്റെ യഥാർത്ഥ കണക്കുകളും സഊദി അറേബ്യ ഇന്ന് ബുധൻ പ്രഖ്യാപിക്കും. ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ അധ്യക്ഷതയിൽ ചേരുന്ന മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകും.
2023 ൽ മൊത്തം ചെലവ് 1114 ബില്യൺ റിയാലിലെത്തുമെന്നും വരുമാനം ഏകദേശം 1123 ബില്യൺ റിയാലായിരിക്കുമെന്നും ജിഡിപിയുടെ 0.2% പ്രതിനിധീകരിക്കുന്ന ഏകദേശം 9 ബില്യൺ റിയാൽ മിച്ചം വരുമെന്നും പ്രതീക്ഷിക്കുന്നുവെന്നാണ് 2023-ലെ ബജറ്റിന്റെ പ്രാഥമിക പ്രസ്താവന പറയുന്നത്.
സാമ്പത്തിക വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനും പിന്തുണ നൽകുന്ന പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിലെ പുരോഗതിയും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുകയും ക്ഷേമ-സാമൂഹിക സംരക്ഷണ സംവിധാന പദ്ധതികൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലും മുൻവർഷങ്ങളിൽ പൊതുജനങ്ങൾക്ക് കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും ബജറ്റിന്റെ പ്രാഥമിക പ്രസ്താവന പ്രതിഫലിക്കുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം, ഈ വർഷം രണ്ടാം പാദത്തിൽ കൈവരിച്ച ബജറ്റ് മിച്ചം നേരത്തെ പ്രതീക്ഷച്ചതിന്റെ മൂന്നിരട്ടി കൂടുതലാണെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. രണ്ടാം പാദത്തിൽ 77.9 ബില്യൺ റിയാലാണ് ബജറ്റ് മിച്ചം. രണ്ടാം പാദത്തിൽ ബജറ്റ് വരുമാനം 370.36 ബില്യൺ റിയാലും പൊതുധന വിനിയോഗം 292.5 ബില്യൺ റിയാലുമാണ്.