ജിദ്ദ – നിയമ ലംഘനങ്ങൾക്ക് ആയിരത്തോളം സ്ഥാപനങ്ങൾ ജിദ്ദ നഗരസഭ കഴിഞ്ഞ മാസം അടപ്പിച്ചു. നഗരസഭക്കു കീഴിലെ പതിനാറു ശാഖ ബലദിയ പരിധികളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും കഴിഞ്ഞ മാസം 27,000 ലേറെ ഫീൽഡ് പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തിയത്. വിൽപനക്ക് പ്രദർശിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പു വരുത്താനും നഗരവാസികൾക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 16,100 ഉം മറ്റു വ്യാപാര സ്ഥാപനങ്ങളിൽ 11,733 ഉം ഫീൽഡ് പരിശോധനകൾ കഴിഞ്ഞ മാസം നടത്തി.
ഇതിനിടെ നിയമ ലംഘനങ്ങൾക്ക് 967 സ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു. ഹെൽത്ത് കാർഡ് ഇല്ലാതിരിക്കൽ, ഹെൽത്ത് കാർഡ് പുതുക്കാതിരിക്കൽ, ഭക്ഷ്യവസ്തുക്കളും മറ്റും മോശം രീതിയിൽ സൂക്ഷിക്കൽ, ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് 23,266 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. നഗരസഭ അധികാര പരിധിയിൽ വരുന്ന, വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ഏകീകൃത നമ്പറായ 940 ൽ അറിയിക്കണമെന്ന് നഗരസഭ ജിദ്ദ നിവാസികളോട് ആവശ്യപ്പെട്ടു.
അതേസമയം, അൽബാഹ പ്രവിശ്യയിൽ നിയമ ലംഘനങ്ങൾക്ക് 867 സ്ഥാപനങ്ങൾക്ക് അൽബാഹ നഗരസഭയും ശാഖ ബലദിയകളും കഴിഞ്ഞ ദിവസങ്ങളിൽ പിഴ ചുമത്തി.
നഗരസഭ ആരോഗ്യ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന 4672 വ്യാപാര സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയത്. മുഴുവൻ സ്ഥാപനങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും നിയമ ലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയും സ്ഥാപനം അടപ്പിക്കലും അടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും അൽബാഹ മേയർ ഡോ. അലി അൽസവാത്ത് പറഞ്ഞു