റിയാദ് : പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവരുടെ വിസ വിവരങ്ങള്‍ സൗദി എമിഗ്രേഷനില്‍ അപ്‌ഡേറ്റ് ആവാത്തതിനാല്‍ പലര്‍ക്കും വിമാനത്താവളങ്ങളില്‍ നിന്ന പുറത്തിറങ്ങാനാവുന്നില്ല. വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ പുതിയ വിസ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ വിവരങ്ങള്‍ സിസ്റ്റത്തില്‍ കാണിക്കാത്തതിനാലാണ് നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഇവരെ തിരിച്ചയക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന ഈ പ്രശ്‌നത്തില്‍ അകപ്പെട്ട പലരും ഒന്നോ രണ്ടോ ദിവസം വിമാനത്താവളത്തില്‍ കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ചുപോയി.
നാട്ടില്‍ നിന്ന പുറപ്പെടുന്നതിന് മുമ്പ് തന്നെ വിസ വിവരങ്ങള്‍ സൗദി ജവാസാത്ത് സംവിധാനങ്ങളില്‍ അപ്‌ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കില്‍ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ സൗദിയിലെത്തിയ ശേഷം മടങ്ങണമെങ്കില്‍ റിട്ടേണ്‍ ടിക്കറ്റിനുള്ള പണം കണ്ടെത്തേണ്ടിവരും.
അതോടൊപ്പം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട മനോവേദനയും. അടുത്ത കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ വ്യാപകമായി കാണപ്പെടുന്നത്.
സൗദി ജവാസാത്തിന്റെ മുഖീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയാണ് ഇതിനുള്ള ഏക പരിഹാരം. കോവിഡ് വാക്‌സിന്‍ വിവരങ്ങള്‍ മുഖീമില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വിസ വിവരങ്ങള്‍ അപ്‌ഡേറ്റ് ആവുന്നില്ലെങ്കില്‍ സൗദി അറേബ്യയിലേക്കുള്ള യാത്ര റദ്ദ് ചെയ്യണമെന്നാണ് ട്രാവല്‍, വിസ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്. അത്തരം ഘട്ടങ്ങളില്‍ ട്രാവല്‍സുകളുമായി ബന്ധപ്പെട്ട് മുംബൈ സൗദി കോണ്‍സുലേറ്റോ ഡല്‍ഹിയിലെ സൗദി എംബസിയോ വഴി വിസ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം.
അതിനുള്ള സൗകര്യമുണ്ട്. വീണ്ടും മുഖീം വഴി വിസ നമ്പര്‍ ഉറപ്പുവരുത്തിയ ശേഷം മാത്രമേ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാവൂ.
സൗദി വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ വിസ നമ്പറാണ് ആദ്യം എന്റര്‍ ചെയ്യുക. ഇത് എന്റര്‍ ചെയ്യുന്നതോടെ വിസയുള്ള വ്യക്തിയുടെ പൂര്‍ണ വിവരങ്ങള്‍ സിസ്റ്റത്തില്‍ പ്രത്യക്ഷപ്പെടും. വിവരങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ അത്തരം വ്യക്തികളെ ബന്ധപ്പെട്ട വകുപ്പിലേക്ക് മാറ്റി നാട്ടിലേക്ക് തിരിച്ചയക്കും. അവരെ കൊണ്ടുവന്ന അതേ വിമാനക്കമ്പനിക്കാണ് അതിന്റെ ഉത്തരവാദിത്വം.
മറ്റു വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ സ്വീകരിക്കപ്പെടില്ല. അത് കൊണ്ടാണ് പലപ്പോഴും ഒന്നോ രണ്ടോ ദിവസം വിമാനത്താവളത്തില്‍ തങ്ങേണ്ടിവരുന്നത്. വിസകള്‍ സിസ്റ്റത്തില്‍ കാണിക്കാത്തവരെ ഒരിക്കലും കൗണ്ടര്‍ വിട്ട് പുറത്തേക്ക് വിടില്ല. വിസകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. അത് സൗദി ജവാസാത്തിന് സാധിക്കില്ലെന്നതാണ് തിരിച്ചയക്കാന്‍ കാരണം.