ജിദ്ദ: യൂറോപ്യൻ ലോ – കോസ്റ്റ് വിമാനക്കമ്പനിയായ ‘വിസ് എയർ’ സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ആദ്യ വിമാന സർവിസുകൾ ശനിയാഴ്ച ആരംഭിച്ചു.
തുടക്കത്തിൽ ജിദ്ദയിലെ നോർത്തേൺ ടെർമിനലിനിന്ന് ലോകമെമ്പാടുമുള്ള ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് ചുരുങ്ങിയ നിരക്കിൽ വിസ് എയർ വിമാനങ്ങൾ സർവിസ് നടത്തുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ അറിയിച്ചു.
ആദ്യ വിമാനത്തില്‍ ജിദ്ദയിലെത്തിയ യാത്രക്കാരെ വിമാനത്താവള അധികൃതര്‍ സ്വീകരിച്ചു. സെപ്തംബറിൽ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിസ് എയറിന്റെ സഊദി സർവിസിന്റെ പ്രഖ്യാപനമുണ്ടായത്. യൂറോപ്യൻ രാജ്യങ്ങളായ ബുക്കാറെസ്റ്റ്, ബുഡാപെസ്റ്റ്, കാറ്റാനിയ, ലോർക്ക, മിലാൻ, നേപ്പിൾസ്, റോം, ടിറാന, ഖർണ, വെനീസ്, വിയന്ന എന്നിവയുൾപ്പെടെ നിരവധി വിമാനത്താവളങ്ങളിലേക്ക് 10 ലക്ഷത്തിലധികം സീറ്റുകൾ കുറഞ്ഞ നിരക്കിൽ വിസ് എയർ വാഗ്ദാനം ചെയ്യുന്നു.
ബിസിനസ് ആവശ്യങ്ങൾക്കും ടൂറിസം ആവശ്യാർഥവും സൗദിയിൽനിന്നും നിരവധി ആളുകളാണ് ദിനംപ്രതി യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. നിലവിൽ നേരിട്ടുള്ള വിമാന സർവിസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കുകളെ തുടർന്ന് മറ്റു രാജ്യങ്ങളിലൂടെയുള്ള ട്രാൻസിറ്റ് വിമാന സർവിസുകളെയാണ് ഇത്തരക്കാർ കൂടുതലായി ആശ്രയിക്കാറുള്ളത്. അതിനാൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ആരംഭിക്കുന്ന വിസ് എയർ വിമാന സർവിസുകൾ ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടും.
വിസ് എയർ, കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് സൗദിയിൽ ആരംഭിച്ചു
