ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ദുബായില്‍ ട്രക്കുകൾക്കായി ഒരുങ്ങുന്നത് മൂന്ന് അത്യാധുനിക റെസ്റ്റ് സ്റ്റേഷനുകള്‍

ദുബായ് : ദുബായില്‍ ഇനി മുതല്‍ റോഡരികുകളിലും താമസ ഇടങ്ങളിലും വലിയ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്നതു കൊണ്ടുള്ള പ്രയാസങ്ങള്‍ ഉണ്ടാവില്ല. കാരണം, രാജ്യത്തെ റോഡ് ഗതാഗതം സുഗമമാക്കുന്നതിനായി വലിയ ട്രക്കുകള്‍ക്ക് വിശ്രമ കേന്ദ്രങ്ങളൊരുക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). അഞ്ഞൂറോളം ഹെവി വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൂന്ന് പുതിയ റെസ്റ്റ് സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തിരക്കേറിയ സമയങ്ങളില്‍ ദുബായ് റോഡുകളില്‍ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഉള്ള സമയങ്ങളില്‍ അവയ്ക്ക് വിശ്രമസ്ഥലം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ഡ്രൈവര്‍മാര്‍ക്കുള്ള റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ്, മെയിന്‍റനന്‍സ് വര്‍ക്ക്ഷോപ്പുകള്‍, റെസ്റ്റോറന്‍റുകള്‍, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ഡ്രൈവര്‍ പരിശീലന കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, എക്സ്ചേഞ്ച് ഷോപ്പുകള്‍, അലക്കുശാലകള്‍, മറ്റ് സഹായ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ ഒരു വലിയ നിര തന്നെ പുതിയ റെസ്റ്റ് സ്റ്റേഷനുകളില്‍ ഒരുക്കും. 226,000 ചതുരശ്ര മീറ്റര്‍ വിശാലമായ സ്ഥലത്താണ് സംയോജിത ട്രക്ക് റെസ്റ്റ് സ്‌റ്റേഷനുകളുടെ നിര്‍മ്മാണത്തിനായി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്ക് (അഡ്നോക്) ഒരു കരാറും അല്‍മുതകമ്മല വെഹിക്കിള്‍ ടെസ്റ്റിംഗ് ആന്‍ഡ് രജിസ്ട്രേഷന്‍ കമ്പനിക്ക് രണ്ട് കരാറുകളുമാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നല്‍കിയിരിക്കുന്നത്.

ഫീല്‍ഡ് സര്‍വേകള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ദുബായിലെ ട്രക്ക് നീക്കത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍ടിഎ പുതിയ റെസ്റ്റ് സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദുബായിലെ ട്രക്ക് ഗതാഗതത്തെ കുറിച്ചുള്ള ഒരു പ്രവചന മാതൃക വികസിപ്പിക്കുകയും അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ഒരുക്കുകയുമാണ് ചെയ്തിരിക്കുന്നത്. ദുബായിലെ ട്രക്കുകളും ചരക്ക് നീക്കവും കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു പുറമെ, നിലവിലെ ട്രക്ക് നീക്കത്തിന്‍റെ നയങ്ങള്‍, സമയങ്ങള്‍, റൂട്ടുകള്‍, ട്രക്കുകള്‍ക്കായി പ്രത്യേക റോഡുകള്‍ ഒരുക്കുന്നതിന്‍റെ ആവശ്യകത എന്നിവയും പഠനങ്ങള്‍ വിലയിരുത്തി.

ദുബായിലെ ട്രക്കുകള്‍, ഒരുദിവസം മൂന്ന് ലക്ഷത്തിലധികം ട്രിപ്പുകള്‍ നടത്തുന്നുണ്ട് എന്നാണ് ആര്‍ടിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതിദിനം ഏകദേശം 1.5 ദശലക്ഷം ടണ്‍ ചരക്കുകളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്താണ് പുതുതായി നിര്‍മിക്കുന്ന മൂന്ന് റെസ്റ്റ് സ്റ്റേഷനുകളിലൊന്ന് നിര്‍മിക്കുക. ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും 200 ട്രക്കുകളെയും ഹെവി വാഹനങ്ങളെയും ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതുമായ ഈ സ്റ്റേഷന്‍റെ നിര്‍മാണ ചുമതല
അല്‍മുതകമ്മലയ്ക്കാണ് നല്‍കിയിരിക്കുന്നത്. ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ (ഡിഐസി) പ്രവേശന കവാടത്തിനടുത്താണ് ഇതേ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഏകദേശം 120 ഹെവി വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കേന്ദ്രത്തിന് 51,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. എമിറേറ്റ്സ് റോഡിന് സമീപം അല്‍ തായ് റേസ് ട്രാക്കിന് അടുത്തായി 76,000 ചതുരശ്ര മീറ്ററില്‍ 150 ട്രക്കുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് അഡ്നോക് നിര്‍മിക്കുന്ന മറ്റൊരു സ്റ്റേഷന്‍.

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും നല്‍കിക്കൊണ്ട് അവരുടെ സുരക്ഷയും ക്ഷേമവും വര്‍ദ്ധിപ്പിക്കുകയാണ് ഈ റെസ്റ്റ് സ്റ്റേഷനുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറലും ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു. നിലവില്‍ പ്രധാന റോഡുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും ട്രക്കുകള്‍ നിര്‍ത്തിയിടുന്നതു മൂലമുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ പുതുതായി നിര്‍മിക്കുന്ന മൂന്ന് വിശ്രമ കേന്ദ്രങ്ങളിലൂടെ സാധിക്കും. ദുബായിലെ ട്രാഫിക് സുരക്ഷാ നിലവാരം ഉയര്‍ത്തുന്നതിനും ട്രക്കുകള്‍ മൂലമുണ്ടാകുന്ന ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ട്രക്ക് നിരോധന സമയത്തെ ഗതാഗതം സുഗമമാക്കുന്നതിനും സ്റ്റേഷനുകള്‍ സഹായിക്കുമെന്നും അല്‍ തായര്‍ കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ ട്രക്കുകള്‍ സഞ്ചരിക്കുന്ന പ്രദേശങ്ങളെന്ന നിലയിലാണ് മൂന്ന് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!