കരിപ്പൂർ: ചെങ്കണ്ണ് രോഗികളെ വിമാന യാത്രയിൽ നിന്ന് തടയുന്നു. പകർച്ച വ്യാദിയായി ചെങ്കണ്ണ് രോഗം വ്യാപകമായതോടെയാണ് വിമാനകമ്പനികൾ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കുമായി രംഗത്തെത്തുന്നത്. ഇതിനകം തന്നെ പലർക്കും യാത്ര മുടങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള കുടുംബത്തിന് വിമാനയാത്ര മുടങ്ങി.
ശനിയാഴ്ച രാവിലെയാണ് സംഭവം. എയർപോർട്ടിലെത്തിയ ഇവരെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതുമൂലം ഡോക്ടർ പരിശോധിക്കുകയും യാത്രചെയ്യാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയുമായിരുന്നു. രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസിനാണ് ഇവർ ടിക്കറ്റ് എടുത്തിരുന്നത്.
മലപ്പുറം തിരൂർ നിറമരുതൂരിൽനിന്നുള്ള ഭർത്താവും ഭാര്യയും മകളുമടങ്ങുന്ന കുടുംബമാണ് യാത്ര ചെയ്യാനാകാതെ തിരികെ പോയത്. ഭാര്യക്കും മകൾക്കും കണ്ണിൽ അസുഖമുണ്ടായിരുന്നു. ഇവർക്ക് യാത്രാതടസ്സം അറിയിച്ചതോടെ ഭർത്താവും ടിക്കറ്റ് ക്യാൻസൽ ചെയ്യുകയായിരുന്നു. ആരോഗ്യപ്രശ്നമുള്ളവർ യാത്രക്കുമുമ്പ് ഡോക്ടററെ കാണുകയും യാത്രാതടസ്സമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതും നല്ലതാണെന്ന് ട്രാവൽസ് മേഖലയിൽ ഉള്ളവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രണ്ടു ദിവസം മുമ്പ് മറ്റൊരു ചെങ്കണ്ണ് രോഗിക്കും യാത്ര തടസ്സപ്പെട്ടിരുന്നു.
അതേസമയം, അടുത്തിടെയായി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നത് പതിവാണെന്ന് ട്രാവൽസ് രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിൽ കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ശനിയാഴ്ച മൂന്ന് മണിക്കൂറോളമാണ് വൈകിയത്. രാവിലെ 8.30 ന് പുറപ്പെടേണ്ട വിമാനം 11.30 ഓടെയാണ് പുറപ്പെട്ടത്. കോഴിക്കോട്ടുനിന്ന് വിമാനം പുറപ്പെടാൻ വൈകുന്നതോടെ കുവൈത്തിൽ എത്തി തിരികെയുള്ള മടക്ക യാത്രയും വൈകും.