റിയാദ്:സഊദി തലസ്ഥാന നഗരിയായ റിയാദില്‍ ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് നിർമ്മിക്കുന്നു. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നിർമ്മിക്കുന്നതിലൂടെ റിയാദിനെ ലോകത്തിലേക്കുള്ള ഒരു കവാടമായും ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുകയാണ് ലക്ഷ്യം. പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിംഗ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന പേരില്‍ അറിയപ്പെടും. ഇവയും പുതിയ എയര്‍പോര്‍ട്ടിന്റെ ഭാഗമാകും.
ആകെ ആറു റണ്‍വേകളാണ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുണ്ടാവുക. 2030 ഓടെ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം 12 കോടിയായി ഉയര്‍ത്തുന്ന നിലക്ക് എയര്‍പോര്‍ട്ടിന്റെ ശേഷി ഉയര്‍ത്തും. 2050 ഓടെ പ്രതിവര്‍ഷം 18.5 കോടി യാത്രക്കാരെയും 35 ലക്ഷം ടണ്‍ കാര്‍ഗോയും ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. പ്രത്യക്ഷവും പരോക്ഷവുമായി 1,03,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ എയര്‍പോര്‍ട്ട് പദ്ധതി പെട്രോളിതര ആഭ്യന്തരോല്‍പാദനത്തിലേക്ക് പ്രതിവര്‍ഷം 2,700 കോടി റിയാല്‍ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സഊദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുത്താന്‍ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളം സഹായിക്കുമെന്ന് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.