കോഴിക്കോട് വിമാനത്താവള റൺവേയുടെ റീ കാർപറ്റിങ് ജോലികൾക്ക് അനുമതിയായി. ജനുവരി 15ന് പണി തുടങ്ങും. ഈ സമയത്ത് വിമാന സർവീസുകൾ രാത്രി മാത്രമാക്കും. ഇതിനനുസരിച്ച് സർവീസുകൾ പുനഃക്രമീകരിക്കും.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം, റിസ നീളം കൂട്ടുന്നതിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. റീ കാർപറ്റിങ് ജോലികൾക്ക് കരാർ ലഭിച്ചത് ഡൽഹി ആസ്ഥാനമായ കമ്പനിക്കാണ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി കരാറിന് അംഗീകാരം നൽകുന്ന പ്രക്രിയയാണു ഇപ്പോൾ പൂർത്തിയായത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം വിമാനത്താവളം സന്ദർശിച്ചു. സാധന സാമഗ്രികൾ എത്തിച്ചു തുടങ്ങി. റൺവേ റീ കാർപറ്റിങ്ങും സെൻട്രൽ ലൈറ്റിങ് സംവിധാനവും ഉൾപ്പെടെ 57.6 കോടി രൂപയുടെ ജോലികൾക്കാണ് കരാർ നൽകിയിട്ടുള്ളത്. നിലവിലെ റൺവേയുടെ നീളം കുറയ്ക്കില്ല. 2.8 കിലോമീറ്റർ റീ കാർപറ്റ് ചെയ്യും.
ഈ ഏരിയയിൽ സെൻട്രൽ ലൈറ്റിങ് സംവിധാനവും സ്ഥാപിക്കും. 5 വർഷത്തിലൊരിക്കലാണു റൺവേ റീ കാർപറ്റിങ് ജോലികൾ നടക്കുന്നത്. കിരിപ്പൂരിൽ അവസാനമായി നടന്നത് 2015ലാണ്. പല കാരണങ്ങളാൽ 2 വർഷം വൈകിയാണു റീ കാർപറ്റിങ് നടക്കുന്നത്.
2015 ൽ റൺവേയുടെ റീ കാർപറ്റിങ് ജോലിയുടെ കാരണം പറഞ്ഞ് ആറ് മാസത്തേക്കാണ് കരിപ്പൂരിൽ ആദ്യമായി വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അന്ന് കരിപ്പൂരിലിറങ്ങണ്ടിയിരുന്ന വലിയ വിമാനങ്ങളൊക്കെയും കൊച്ചിയിലേക്ക് മാറ്റി. ആറ് മാസത്തിന് ശേഷം ഈ സർവീസുകൾ കോഴിക്കോട്ടേക്ക് തിരിച്ചെത്തിക്കുമെന്നായിരുന്നു അധികൃതരും ജനപ്രതിനിധികളും ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നത്.
എന്നാൽ റീ കാർപ്പറ്റിംഗ് ജോലി റീ സട്രങ്ങത്തിനിംഗ് ആയി മാറി. അതിന് ശേഷവും പല കാരണങ്ങൾ പറഞ്ഞ് വലിയ വിമാനങ്ങളുടെ വിലക്ക് നീട്ടി കൊണ്ടുപോകുകയാണ്. കുറേ കാലം കാത്തിരുന്ന ശേഷം എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാന കമ്പനികൾ കരിപ്പൂരിൽ നിന്ന് പൂർണമായും പിൻവാങ്ങി.
അതിന് ശേഷം ഏറ കാലത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിച്ചുവെങ്കിലും, നഷ്ടപ്പെട്ട പല വലിയ വിമാനങ്ങളും തിരിച്ച് കരിപ്പൂരിലെത്തിയില്ല. അതിനിടെയാണ് 2020 ആഗസ്റ്റ് 7 ന് രാത്രി 7.40ന് എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരിൽ തകർന്ന് വീണത്. പിന്നീട് ആ കാരണം പറഞ്ഞ് വലിയ വിമാനങ്ങൾക്ക് വീണ്ടും വിലക്കേർപ്പെടുത്തി.
ഇതിനെതിരിൽ കോഴിക്കോട് മലബാർ ഡെവലപ്പ്മെൻ്റ് ഫോറം ഉൾപ്പെടെയുള്ള സംഘടനകളും, പ്രവാസികളും, നാട്ടുകാരും നിരന്തരം പ്രതിഷേധം നടത്തുന്നുണ്ടെങ്കിലും, പ്രശ്നത്തിന് ഇത് വരെ പരിഹാരമായിട്ടില്ല.