റിയാദ്: ഒരു ഭാഗത്ത് സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോഴും തൊഴില്‍ മേഖലയില്‍ നിന്ന് പുറത്തുകടക്കുന്ന സൗദി പൗരന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സ്വകാര്യ മേഖലാ ജോലികളില്‍ നിന്നാണ് കൂടുതല്‍ പേരും ഒഴിവാകുന്നതെന്ന് സൗദി ഗസറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജോലി ഉപേക്ഷിച്ച സൗദികളുടെ ആകെ എണ്ണം 153,347 പുരുഷന്മാരും സ്ത്രീകളുമാണെന്നാണ് കണക്കുകള്‍.
കൂടുതല്‍ പേരും സ്വന്തം നിലയ്ക്ക് ജോലി രാജിവച്ച് പോരുകയാണുണ്ടായത് എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സൗദിയില്‍ ജോലി ചെയ്യുന്ന 89,000 യുവതീ യുവാക്കളാണ് ഈ കാലയളവില്‍ ജോലിയില്‍ നിന്ന് രാജി വച്ചൊഴിഞ്ഞത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം സൗദി ജീവനക്കാരുടെ 58 ശതമാനത്തിലധികം വരുമിത്. സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ സ്വദേശികളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്താന്‍ ഭരണകൂടം നിരവധി സഹായ പദ്ധതികള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും തൊഴില്‍ ഉപേക്ഷിക്കുന്ന സ്വദേശികളുടെ എണ്ണം കൂടിവരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
സ്വന്തമായി രാജിവയ്ക്കുന്ന സംഭവങ്ങള്‍ കഴിഞ്ഞാല്‍, തൊഴില്‍ കരാറിന്റെ കാലാവധി അവസാനിച്ചതും കരാര്‍ പുതുക്കാന്‍ തൊഴിലുടമ തയ്യാറാകാത്തതുമാണ് രണ്ടാമത്തെ കാരണം. ഇങ്ങനെ 15,000ത്തിലേറെ സൗദി യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് കണക്കുകള്‍. ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സൗദി ജീവനക്കാരുടെ 10 ശതമാനം വരുമിത്. മൂന്നാമത്തെ കാരണം, പ്രൊബേഷന്‍, പരിശീലന കാലയളവില്‍ കരാര്‍ അവസാനിപ്പിച്ചതാണ്. ഏകദേശം 14,000 പേര്‍ക്ക് ഈ രീതിയില്‍ തൊഴില്‍ നഷ്ടമായിട്ടുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് സ്വന്തം നിലയ്ക്ക് ജോലി ഉപേക്ഷിക്കുന്ന പുരുഷന്മാരുടെ എണ്ണം കൂടുതലാണ്. സ്ത്രീകള്‍ ജോലി നിര്‍ത്താനുള്ള കാരണങ്ങളില്‍ പ്രധാനം തൊഴിലുടമ കരാര്‍ അവസാനിച്ചതും ഇത് പുതുക്കാത്തതുമാണ്.
തൊഴില്‍ മേഖലകള്‍ ആകര്‍ഷകമല്ലാത്തതും ശമ്പളം പോരാത്തതുമൊക്കെയാണ് ജോലി രാജിവയ്ക്കാനുള്ള പൊതുവായ കാരണങ്ങളായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തേ പ്രവാസികള്‍ ചെയ്തിരുന്ന ഒട്ടേറെ ജോലികള്‍ സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദികള്‍ക്ക് മാത്രമാക്കി മനുഷ്യവിഭവ, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ജോലിയില്‍ പ്രവേശിച്ചവരില്‍ പലരും തൊഴില്‍ വിടുന്നതായാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സ്വകാര്യ മേഖലയില്‍ സൗദികളെ ജോലിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക സഹായവും യാത്രാ സൗകര്യങ്ങളും പരിശീലനങ്ങളും ഉള്‍പ്പെടെ വിപുലമായ പദ്ധതി അധികൃതര്‍ നടപ്പിലാക്കിവരുന്നുണ്ട്.