യാംബു : പൊതുജനാരോഗ്യത്തിന് ഭീഷണിയും പ്രകൃതിക്ക് ഹാനികരവുമായ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കും വിവിധ തരത്തിൽ മാലിന്യ നിർമാർജന നിയമങ്ങൾ ലംഘിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുമെന്ന് ആവർത്തിച്ച് സൗദി അധികൃതർ. നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം വരെ തടവും മൂന്നു കോടി റിയാൽ വരെ പിഴയും ചുമത്തുമെന്ന് ദേശീയ പരിസ്ഥിതി സംരക്ഷണ നിയമപാലന കേന്ദ്രം അറിയിച്ചു. നിയമലംഘനം നടത്തുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന കനത്തനാശം ഗൗരവമായി കണക്കിലെടുത്താണ് ശിക്ഷാനടപടികൾ കടുപ്പിച്ചതെന്ന് വക്താവ് അബ്ദുല്ല സെയ്ൽ അൽ മുതൈരി അറിയിച്ചു.
മാലിന്യ സംഭരണം, ശേഖരണം, സംസ്‌കരണം, നീക്കം ചെയ്യൽ, മാലിന്യ നിർമാർജന കേന്ദ്രങ്ങളുടെ പരിപാലനം, മാലിന്യങ്ങളുടെ തരം തിരിക്കൽ, അവയുടെ ഇറക്കുമതിയും കയറ്റുമതിയും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാനും ക്രമീകരിക്കാനും കുറ്റമറ്റതാക്കി മാറ്റാനും പുതിയ നിയമം പ്രാവർത്തികമാക്കുന്നതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു. പാരിസ്ഥിതിക ചുറ്റുപാടുകളിൽ അപകടകരമായ വസ്തുക്കൾ നീക്കം ചെയ്യുന്നത് ഒഴിവാക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നിയമലംഘനം നടത്തിയുള്ള മാലിന്യ നിർമാർജന കേസുകൾ ശ്രദ്ധയിൽപെടുത്താനും അധികൃതർ രാജ്യത്തെ പൗരന്മാരോടും താമസക്കാരോടും പൊതു, സ്വകാര്യ സ്ഥാപനങ്ങളോടും അഭ്യർഥിച്ചു.
ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽനിന്ന് പെർമിറ്റോ ലൈസൻസോ കരസ്ഥമാക്കിയല്ലാതെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കുന്നതിനും കർശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാൻ അധികൃതർ പ്രത്യേകം നിശ്ചയിച്ച സ്ഥലത്തല്ലാതെ അവ ഉപേക്ഷിക്കുകയോ കത്തിക്കുകയോ കുഴിച്ചിടുകയോ ചെയ്യുന്നതും പരിസ്ഥിതി നിയമലംഘനമാണ്. രാജ്യത്ത് മികച്ച മാലിന്യ സംസ്‌കരണം കൈവരിക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നിരവധി പരിപാടികളും സംരംഭങ്ങളും സംയുക്തമായ പദ്ധതികളും കൂടുതൽ സജീവമാക്കാനും ബന്ധപ്പെട്ടവർ ഒരുക്കം തുടങ്ങിയിട്ടുണ്ട്.