കുവൈത്ത് സിറ്റി: രാജ്യത്ത് സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരെ ഒഴിപ്പിക്കൽ തുടരുന്നു. ഇതിന്‍റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കുന്നത് തുടരുന്നു. ഒരു മാസത്തിനിടെ ഫര്‍വാനിയ ഗവർണറേറ്റില്‍ നൂറോളം കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു.
സ്വദേശി താമസ മേഖലകളിൽ വിദേശി ബാച്ചിലർമാർ താമസിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്നും ഒഴിഞ്ഞുപോവാൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്.
രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളിൽ നിന്നും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കാനാണ് തീരുമാനം. ബാച്ചിലർമാരുടെ ആധിക്യം ലഹരിവസ്തുക്കളുടെ ഉപയോഗം കൂടാന്‍ കാരണമാകുന്നതായി അധികൃതര്‍ പറയുന്നു. വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരും. സ്വദേശികളുടെ അപ്പാർട്മെന്റുകള്‍ വിദേശികൾക്ക് വാടകക്ക് നൽകുന്നതാണ് ബാച്ചിലർ സാന്നിധ്യത്തിന് കാരണമാകുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരം കെട്ടിട ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.