റിയാദ്: സെപ്റ്റംബറിൽ സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതിയിൽ 1.6 ശതമാനം വളർച്ച രേഖപ്പെടുത്തി.
തുടർച്ചയായി നാലാം മാസമാണ് എണ്ണ കയറ്റുമതിയിൽ വളർച്ച രേഖപ്പെടുത്തുന്നത്.
സെപ്റ്റംബറിൽ പ്രതിദിനം 77.21 ലക്ഷം ബാരൽ എണ്ണ തോതിലാണ് വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. 29 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന എണ്ണ കയറ്റുമതിയാണിത്. 2020 ഏപ്രിലിനു ശേഷം ആദ്യമായാണ് എണ്ണ കയറ്റുമതി ഇത്രയും ഉയരുന്നത്.
ഓഗസ്റ്റിൽ പ്രതിദിന എണ്ണ കയറ്റുമതി 76.01 ലക്ഷം ബാരലായിരുന്നു. എന്നാൽ സെപ്റ്റംബറിൽ സൗദിയുടെ ആകെ എണ്ണയുൽപാദനം 11.041 ദശലക്ഷം ബാരലായി കുറഞ്ഞു. ഓഗസ്റ്റിൽ പ്രതിദിന ഉൽപാദനം 11.051 ദശലക്ഷം ബാരലായിരുന്നു.
സെപ്റ്റംബറിൽ സൗദിയിലെ റിഫൈനറികളിൽ പ്രതിദിന എണ്ണ ഉപയോഗത്തിൽ 1,08,000 ബാരലിന്റെ വീതം കുറവ് രേഖപ്പെടുത്തി.
രാജ്യത്തെ എണ്ണ സംസ്‌കരണ ശാലകളിൽ സെപ്റ്റംബറിൽ പ്രതിദിനം 26.93 ലക്ഷം ബാരൽ എണ്ണ തോതിലാണ് ഉപയോഗിച്ചത്. വൈദ്യുതി ഉൽപാദനത്തിനും സമുദ്രജല ശുദ്ധീകരണത്തിനും നേരിട്ട് ഉപയോഗിച്ച ക്രൂഡ് ഓയിലിൽ സെപ്റ്റംബറിൽ പ്രതിദിനം 1,42,000 ബാരലിന്റെ കുറവും രേഖപ്പെടുത്തി.
സെപ്റ്റംബറിൽ വൈദ്യുതി ഉൽപാദനത്തിനും സമുദ്രജല ശുദ്ധീകരണത്തിനും പ്രതിദിനം 5,22,000 ബാരൽ ക്രൂഡ് ഓയിൽ വീതമാണ് ഉപയോഗിച്ചത്.
ഈ മാസം മുതൽ പ്രതിദിന ഉൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താൻ കഴിഞ്ഞ മാസം ഒപെക് പ്ലസ് തീരുമാനിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങളിൽ പലിശ നിരക്കുകൾ ഉയർന്നതിന്റെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിൽ എണ്ണയുൽപാദനം വെട്ടിക്കുറക്കേണ്ടത് അനിവാര്യമാണെന്ന് ഒപെക് പ്ലസ് പറയുന്നു. ഡിസംബർ നാലിന് വിയന്നയിൽ ഒപെക് പ്ലസ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.