റിയാദ് : കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 3, 4 ടെർമിനലുകളിൽ ജവാസാത്ത് ഡയറക്ടറേറ്റ് പ്രവർത്തനം തുടങ്ങി. ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ഖത്തറിലേക്ക് പോകുന്ന ഫുട്‌ബോൾ പ്രേമികളെ 3, 4 ടെർമിനലുകളിലാണ് സ്വീകരിക്കുക.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇരു ടെർമിനലുകളിലുമായി യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളടങ്ങിയ 78 ജവാസാത്ത് കൗണ്ടറുകളുള്ളതായി റിയാദ് പ്രവിശ്യ ജവാസാത്ത് മേധാവി മേജർ ജനറൽ മുഹമ്മദ് അൽസഅദ് പറഞ്ഞു.
ആഗമന, നിർഗമന ഹാളുകളിൽ മനുഷ്യ ഇടപെടൽ കൂടാതെ യാത്രക്കാർക്ക് സ്വന്തം നിലക്ക് യാത്ര നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സെൽഫ് സർവീസ് ഉപകരണങ്ങളും ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. റെക്കോർഡ് സമയത്തിനകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ ആവശ്യമായ മുഴുവൻ ക്രമീകരണങ്ങളും 3, 4 ടെർമിനലുകളിൽ ഏർപ്പെടുത്തുകയും മതിയായ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് മേജർ ജനറൽ മുഹമ്മദ് അൽസഅദ് പറഞ്ഞു.
ലോകകപ്പ് കാലത്ത് റിയാദിൽ നിന്ന് ദോഹയിലേക്കുള്ള സാദാ സർവീസുകളും ഷട്ടിൽ സർവീസുകളും 3, 4 ടെർമിനലുകൾ വഴിയാണ് നടത്തുകയെന്ന് സൗദിയ പറഞ്ഞു. നവീകരിച്ച 3, 4 ടെർമിനലുകൾ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.