ദുബായ് : യുഎഇയിലെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇ-ദിര്‍ഹം വഴിയുള്ള പെയ്‌മെന്റുകള്‍ നിര്‍ത്തലാക്കുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗമാണ് പുതുതായി ഇ-ദിര്‍ഹാം സംവിധാനം അവസാനിപ്പിച്ചതായും സേവന ഫീസിനായി നവംബര്‍ 14 മുതല്‍ ഇതര പേയ്മെന്റ് രീതികള്‍ സ്വീകരിച്ചു തുടങ്ങിയതായും അറിയിച്ചത്.
വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
2022 നവംബര്‍ 14 തിങ്കളാഴ്ച മുതല്‍ സേവന ഫീസ് അടയ്ക്കുന്നതിനുള്ള ഇദിര്‍ഹാം സംവിധാനം യുഎഇ ഐസിപി സ്വീകരിക്കില്ല’ – അതോറിറ്റി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സേവന ഫീസുകള്‍ അടയ്ക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ച മറ്റ് പെയ്‌മെന്റ് രീതികള്‍ അംവലംബിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ഫെഡറല്‍ ടാക്സ് അതോറിറ്റി, ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവ ഇദിര്‍ഹം കാര്‍ഡ് ഉപയോഗിക്കുന്നത് നിര്‍ത്തിയതായി നേരത്തേ അറിയിച്ചിരുന്നു.
അബുദാബി ഇസ്ലാമിക് ബാങ്കിന്റെ സഹകരണത്തോടെ സെപ്റ്റംബറില്‍ തന്നെ ഇ ദിര്‍ഹം വഴിയുള്ള പണമടയ്ക്കല്‍ രീതിയില്‍ നിന്ന് നേരിട്ടുള്ള പേയ്മെന്റ് സംവിധാനത്തിലേക്ക് മാറിയിരുന്നു. ഇ- ദിര്‍ഹം കാര്‍ഡുകള്‍ നല്‍കിയ ബാങ്കുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അവരുടെ ഇ-ദിര്‍ഹമില്‍ ശേഷിക്കുന്ന തുക വീണ്ടെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇ-ദിര്‍ഹമിന് പകരം, ഉപഭോക്താക്കള്‍ക്ക് യുഎഇയിലെ 243 ബിസിനസ്സ് സേവന കേന്ദ്രങ്ങളില്‍ 3,343 മെഷീനുകളിലൂടെ വിസ, മാസ്റ്റര്‍കാര്‍ഡ്, ഗൂഗ്ള്‍ പേ, ആപ്പ്ള്‍ പേ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന അംഗീകൃത പേയ്മെന്റ് രീതികള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് നികുതി അടയ്ക്കുന്നതിനുള്ള ഇ-ദിര്‍ഹം സംവിധാനം നിര്‍ത്തലാക്കിയതായി യുഎഇ ഫെഡറല്‍ ടാക്സ് അതോറിറ്റിയും കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഒക്ടോബര്‍ 30 മുതല്‍ ഈ സംവിധാനം നിര്‍ത്തിയതായാണ് അതോറിറ്റി അറിയിച്ചത്. പകരം ഫസ്റ്റ് അബൂദാബി ബാങ്കിന്റെ സ്മാര്‍ട്ട് പെയ്മെന്റ് സംവിധാനമായ മഗ്‌നത്തീ വഴിയാണ് നികുതി അടക്കേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കി. മഗ്നത്തീ സ്മാര്‍ട്ട് പേയ്‌മെന്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ നികുതി ബാധ്യതകള്‍ ആ പ്ലാറ്റ്‌ഫോമം വഴി അടയ്ക്കാന്‍ സാധിക്കും. സര്‍ക്കാര്‍ പേയ്‌മെന്റുകള്‍ക്കായി ഇ-ദിര്‍ഹം സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്താനും യുഎഇയിലെ മറ്റ് അംഗീകൃത പേയ്‌മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ്
അടയ്ക്കുന്നതിന് സംവിധാനം ഒരുക്കാനുമുള്ള ധനമന്ത്രാലയത്തിന്റെ തീരുമാന പ്രകാരമാണ് ഈ നടപടിയെന്ന് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു കൊണ്ടുള്ളതും അവര്‍ക്ക് ഉപയോഗിക്കാന്‍ എളുപ്പവും കാര്യക്ഷമവുമായ പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് മാറാനുള്ള തീരുമാനത്തിന്റെ ഭാഗവുമാണിത്.
ഫെഡറല്‍ ടാക്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നികുതി ദായകര്‍ക്കും നല്‍കുന്ന ജനറേറ്റഡ് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ സംവിധാനത്തിലൂടെ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അതോറിറ്റിയിലേക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യാന്‍ കഴിയും. യുഎഇയിലും വിദേശത്തുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് അതോറിറ്റിയിലേക്ക് പണം കൈമാറാന്‍ ഈ സംവിധാനമാണ് ഉപയോഗിക്കുന്നത്. കൂടാതെ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്), എക്സൈസ് നികുതി, മറ്റ് നികുതികള്‍ എന്നിവ അടയ്ക്കാനും ഈ സംവിധാനം ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.