അൽകോബാർ – മൊബൈലിൽ വിളിച്ചു വൺ ടൈം പാസ്‌വേഡ് ചോദിച്ച് മലയാളി യുവാവിന്റെ ബാങ്കിലെ പണം മുഴുവൻ കവർന്നു. അൽകോബാർ അക്‌റബിയയിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ സിയാമാണ് തട്ടിപ്പിനിരയായത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം. നാട്ടിൽ നിന്ന് വന്നിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ സിയാം. മിനിസ്ട്രി ഓഫ് ഇന്റീരിയറിൽ (moi) യിൽ നിന്നാണ് എന്ന് പറഞ്ഞു വളരെ ആധികാരികമായി അറബിയിലും ഇംഗ്ലീഷിലും സംസാരിച്ചു തുടങ്ങിയാണ് സിയാമിന് വിളി വന്നത്. തന്റെ ബ്രിട്ടീഷ് ബാങ്കിലെ അക്കൗണ്ട് അപ്പ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അബ്ഷിർ ആപ്പിൽ ഓൺലൈൻ ആയി പെട്ടന്ന് ചെയ്യാമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് ഇഖാമ നമ്പറും പാസ്‌പോർട്ട് നമ്പറും മറ്റും ഇങ്ങോട്ട് പറയുകയും ബാങ്ക് അക്കൗണ്ട് സംബന്ധമായ ഒന്നും ചോദിക്കാത്തിരിക്കുകയും ചെയ്തപ്പോൾ തട്ടിപ്പാണെന്ന് സംശയിച്ചില്ലെന്ന് യുവാവ് പറഞ്ഞു.
പതിനഞ്ച് മിനിറ്റോളം സംസാരിച്ച ആൾ, ഇപ്പോൾ മൊബൈലിൽ ഒരു മെസ്സേജ് വരും അതിലുള്ള ഒ.ടി. പി നമ്പർ എത്രയാണെന്ന് ആവശ്യപ്പെടുകയായിരുന്നു. അറബിയിൽ വന്ന മെസ്സേജിലുള്ള ഒ.ടി.പി യുവാവ് നൽകുകയും ചെയ്തു. മൂന്ന് മിനിറ്റിനകം യുവാവിന്റെ മൊബൈലി സിം പ്രവർത്തനരഹിതമാവുകയും ചെയ്തു.
സംശയം തോന്നിയതിനാൽ ഉടൻ തന്നെ ബാങ്കിൽ പോയി വിവരം പറഞ്ഞപ്പോൾ തന്റെ അക്കൗണ്ടിൽ ഉള്ള മുഴുവൻ പണവും തന്റെ തന്നെ കാർഡ് ട്രാൻസ്ഫർ വഴി പിൻവലിച്ചതായാണ് കണ്ടത്. അതുകൊണ്ട് ആരാണ് പണം പിൻവലിച്ചതെന്ന് ബാങ്കിന് അറിയാൻ സാധിക്കില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തുടർന്ന് മൊബൈലി ഓഫീസിൽ ചെന്നപ്പോൾ ഈ നമ്പർ വേറെ ആൾ ഉപയോഗിച്ചതായും അതിലൂടെ ലഭിച്ച ഒ.ടി.പി വഴിയാണ് ബാങ്കിലുള്ള പണം തട്ടിയതെന്നും മനസ്സിലായി. അതേ നമ്പറിൽ നിന്നും തന്നെയാണ് തട്ടിപ്പ് നടത്തിയതെന്നിരിക്കെ ആരാണ് തന്റെ മൊബൈൽ ഉപയോഗിച്ചത് എന്ന് മനസിലാക്കാൻ പ്രയാസമുണ്ടെന്ന് മൊബൈൽ അധികൃതരും കൈമലർത്തി. യുവാവിന്റെ ഇതേ നമ്പർ ഉപയോഗിച്ച് പലരെയും തട്ടിപ്പ് സംഘം വിളിച്ചതായി സംശയിക്കുന്നുണ്ട്. സിം വൈകിട്ടോടെ തിരിച്ചെടുത്തെങ്കിലും തന്റെ നമ്പർ ദുരുപയോഗം ചെയ്തതിനാൽ പിന്നീട് നിയമ പ്രശ്‌നം ആവാതിരിക്കാൻ യുവാവ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. ബാങ്കിൽ നിന്നോ അബ്ഷീറിൽ നിന്നോ ഒ.ടി.പി ചോദിച്ചുകൊണ്ട് ആരും വിളിക്കില്ലെന്ന് അറിയാമായിരുന്നിട്ടും സൗദിയിൽ പുതുതായി എത്തിയതിന്റെ പരിചയക്കുറവാണ് തട്ടിപ്പിനിരയാവാൻ കാരണം. അടുത്ത മാസം വലിയ തുക ബാങ്കിൽ വരാനിരിക്കെ 1800 റിയാൽ മാത്രമാണ് നഷ്ടപ്പെട്ടത് എന്ന ആശ്വാസത്തിലാണ് യുവാവ്.