ദുബൈ : യു.എ.ഇയിലെ ഫ്രീസോൺ വിസകളുടെ കാലാവധി മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറച്ചു. ഒക്ടോബർ മുതൽ ഈ തീരുമാനം നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ ഫ്രീ സോൺ വിസകൾക്ക് ഈ തീരുമാനം ബാാധകമായിരിക്കും. നിലവിൽ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെത്തിയ വിസകൾക്കും രണ്ട് വർഷം കാലാവധിയേ ലഭിക്കൂ. വിസ പുതുക്കുന്നവർക്കും ബാധകമായിരിക്കും.
എന്നാൽ, നേരത്തെ അനുവദിച്ച വിസകൾക്ക് മൂന്ന് വർഷം തന്നെ കാലാവധി ലഭിക്കും. മെയിൻലാൻഡിലെ വിസ കാലാവധി രണ്ടു വർഷമായി തുടരും. യു.എ.ഇയിൽ എല്ലായിടത്തും തൊഴിൽ വിസകളുടെ കാലാവധി ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഫ്രീ സോൺ വിസ കാലാവധി ചുരുക്കിയത്. ഇതു സംബന്ധിച്ച് ഫ്രീ സോൺ അധികൃതർ കമ്പനികൾക്ക് കത്തയച്ചിട്ടുണ്ട്.
സ്റ്റിക്കർ പതിക്കൽ, എമിറേറ്റ്സ് ഐ.ഡി അനുവദിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലെത്തിയ വിസകൾക്കും കാലാവധി രണ്ട് വർഷം മാത്രമെ ഉണ്ടാവൂ. മൂന്ന് വർഷത്തേക്കുള്ള ഫീസ് അടച്ചവർക്ക് ഒരു വർഷത്തെ തുക തിരികെ നൽകുമെന്നാണ് അറിയുന്നത്. പുതിയ തീരുമാനം ചെറിയ സ്ഥാപനങ്ങൾക്ക് ഗുണപ്രദമാണ്. നേരത്തേ വൻ തുക മുടക്കി മൂന്ന് വർഷ വിസ എടുക്കേണ്ട സ്ഥാനത്ത് ഇനി മുതൽ ഫീസ് കുറച്ച് നൽകിയാൽ മതിയാവും. അതേസമയം, വലിയ സ്ഥാപനങ്ങൾക്ക് പുതിയ തീരുമാനം അത്ര ഉപകാരപ്രദമല്ല. ഫീസ് കൂടുതലായിരുന്നെങ്കിലും തുടർച്ചയായ മൂന്നു വർഷ വിസ ലഭിക്കുന്നത് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ഗുണപ്രദമായിരുന്നു.
യു.എ.ഇയിൽ 40ഓളം ഫ്രീസോണുകളാണുള്ളത്. പ്രവാസികൾക്കും വിദേശനിക്ഷേപകർക്കും 100 ശതമാനം ഉടമസ്ഥതയിൽ ഇവിടെ ബിസിനസ് തുടങ്ങാൻ കഴിയും. മെയിൻലാൻഡിൽ നിന്ന് വിഭിന്നമായ നിയമങ്ങളാണ് ഫ്രീസോണുകൾക്ക്. മെയിൻലാൻഡിനേക്കാൾ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ ഫ്രീ സോണിൽ കഴിയും. ഓഫിസ് സ്പേസ് പോലുമില്ലാതെ ലൈസൻസ് ലഭിക്കുന്ന സംവിധാനങ്ങളുമുണ്ട്. ഫീസും വാടകയും പൊതുവെ കുറവാണ്.