മസ്‌ക്കറ്റ് : ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം ആദായ നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവരുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മന്ത്രി സഭയുടെ അംഗീകാരവും സുല്‍ത്താന്റെ അന്തിമ അനുമതിയും ലഭിക്കുന്നതോടെ കരട് നിയമം നിയമമായി പ്രാബല്യത്തില്‍ വരും. ഇതോടെ ആദായ നികുതി നിയമം നടപ്പിലാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി ഒമാന്‍ മാറും.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എത്ര വരുമാനമുള്ളവര്‍ക്കാണ് ആദായ നികുതി നിയമം ബാധകമാവുക, വരുമാനത്തിന്റെ എത്ര ശതമാനമായിരിക്കും നികുതി തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. അതേസമയം, ആദായ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്ന് ഉയരുന്നത്.
അതിസമ്പന്നര്‍ക്ക് മാത്രമേ ഇത് ബാധകമാവൂ എന്നും വിലയ നിരക്ക് ആദായ നികുതിയായി ഈടാക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്ന് മറ്റൊരു വിഭാഗം പറയുന്നു. വരുമാന പരിധിയും നികുതി നിരക്കും അറിഞ്ഞാല്‍ മാത്രമേ അത് ആളുകളെ എത്രത്തോളം ബാധിക്കും എന്ന കാര്യത്തില്‍ വ്യക്തത കൈവിരിയുള്ളൂ എന്നാണ് അവരുടെ നിലപാട്.
വരുമാനത്തിന്റെ മൂന്ന് മുതല്‍ അഞ്ചു വരെ ശതമാനം മാത്രമാണ് നികുതിയായി ഈടാക്കുന്നതെങ്കില്‍ അത് വരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ഒമാനിലെ പ്രധാന സ്ഥാപനങ്ങളിലൊന്നായ വെയ്‌വ് കണ്‍സ്ട്രക്ഷന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയരക്ടര്‍ അലി അല്‍ സബ്ത്തിയുടെ അഭിപ്രായം. എന്നാല്‍ നികുതി നിരക്ക് അതിലും മുകളിലായാല്‍ ആളുകളുടെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരുമാനത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തിയാല്‍, അങ്ങനെ ചെയ്യുന്ന ആദ്യത്തെ ജിസിസി രാജ്യമാകും ഒമാന്‍. നേരത്തേ ആറ് ജിസിസി സംസ്ഥാനങ്ങളും 2016ല്‍ വാറ്റ് ഏര്‍പ്പെടുത്താന്‍
തീരുമാനിക്കുകയും സൗദി അറേബ്യയും യുഎഇയും 2018ലും ബഹ്റൈന്‍ 2019ലും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഒമാനില്‍ അഞ്ച് ശതമാനം വാറ്റ് നിലവില്‍ വന്നത്.
ഉയര്‍ന്ന വരുമാനക്കാര്‍ക്ക് നികുതി ചുമത്തിയാല്‍, ക്രമേണ ഇടത്തരം വരുമാനക്കാരില്‍ നിന്ന് ആദായനികുതി ഈടാക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാറിന് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് ബഹ്വാന്‍ ഓട്ടോമൊബൈല്‍സിലെ മെക്കാനിക്ക് സലിം അല്‍ ഹബ്‌സി പറഞ്ഞു. ധനമന്ത്രാലയത്തിന്റെ 2020-2024 സാമ്പത്തിക പദ്ധതിയുടെയും ധനക്കമ്മി കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെയും ഭാഗമായി ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ക്ക് രണ്ട് വര്‍ഷം മുമ്പാണ് ഒമാന്‍ ഭരണകൂടം തുടക്കം കുറിച്ചത്.
അതേസമയം, ആദായനികുതി നിയമം നടപ്പാക്കിയാല്‍, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് മസ്‌കറ്റിലെ മോഡേണ്‍ കോളേജ് ഓഫ് ബിസിനസ് സയന്‍സിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ ഡോ. വെങ്കട്ട് തുമിക്കി അഭിപ്രായപ്പെട്ടു. ‘ഇത് നാമമാത്രമായ നികുതി മാത്രമേ ആദായ നികുതിയായി ഈടാക്കൂ എന്നാണ് കരുതുന്നത്. അത് ഉയര്‍ന്ന വരുമാനക്കാരെ ഉപദ്രവിക്കുന്ന രീതിയിലാവില്ല. എന്നാല്‍ ഇത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് മൊത്തത്തില്‍ ഗുണം ചെയ്യുകയും സര്‍ക്കാരിന്റെ സാമ്പത്തിക കമ്മി നികത്താന്‍ സഹായിക്കുകയും ചെയ്യും’- അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഒമാന്‍ 1.5 ബില്യണ്‍ റിയാലിന്റെ ധനക്കമ്മിയാണ് ഒമാന്റെ പ്രവചനം. മുന്‍ വര്‍ഷത്തേക്കാള്‍ 32
ശതമാനം കുറവാണിത്. ഉയര്‍ന്ന എണ്ണ, വാതക വിലകളുടെ പശ്ചാത്തലത്തില്‍ വരുമാനം വര്‍ദ്ധിച്ചതിനാല്‍, 2022 ആദ്യ പകുതിയില്‍ 784 ദശലക്ഷം റിയാലിന്റെ ബജറ്റ് മിച്ചം രാജ്യത്ത് ഉണ്ടായതായി ഓഗസ്റ്റില്‍ പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.