ദോഹ: മറ്റുള്ളവര്‍ക്കായി മരുന്നുകള്‍ കൊണ്ടു വരരുതെന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഓർമ്മപ്പെടുത്തലുമായി ഖത്തറിലെ ഇന്ത്യൻ എംബസി. ലോകകപ്പിനായി നിരവധി ഇന്ത്യക്കാര്‍ ഖത്തറിലേക്ക് വരുമെന്നത് മുൻകൂട്ടി കണ്ടാണ് എംബസി പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വീണ്ടും ഓർമ്മിപ്പിച്ച് എംബസി സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. നേരത്തെ തന്നെ സര്‍ക്കുലേറ്റ് ചെയ്ത പോസ്റ്റാണെങ്കിലും സാന്ദര്‍ഭികമായ മുന്നറിയിപ്പെന്ന നിലയിലാണ് ഇപ്പോൾ വീണ്ടും ഒരു ഓർമ്മപ്പെടുതത്തൽ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിലവിലെ സാഹചര്യങ്ങളിൽ പോസ്റ്റിന് ഏറെ പ്രാധാന്യമുണ്ട്.
നാര്‍കോടിക് കണ്ടന്റുകളുള്ളതും മാനസികരോഗ ചികില്‍സക്കുപയോഗിക്കുന്നവയുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും കൊണ്ടുവരുന്നത് വിലക്കിയ മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസി സൈറ്റില്‍ ലഭ്യമാണ്. അതറിയാൻഇവിടെ ക്ലിക്ക് ചെയ്യുക
നിയമവരുദ്ധമായ ഇത്തരം മരുന്നുകള്‍ കൊണ്ടുവന്നാല്‍ പിടികൂടുകയും ഖത്തറില്‍ ജയിലിലടക്കപ്പെടുകയും ചെയ്തേക്കാം. അതിനാല്‍ മരുന്ന് കൊണ്ട് വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു കാരണവശാലും മരുന്നുകള്‍ കൊണ്ടുവരരുത്. സ്വന്തം ആവശ്യത്തിനുള്ള മരുന്നുകള്‍ ഡോക്ടറുടെ കൃത്യമായ കുറിപ്പുകളോടെ മാത്രം കൊണ്ടു വരിക. യാത്രക്കാര്‍ക്ക് മുന്നറിയിപ്പായി എംബസിയുടെ പോസ്റ്റ് പൂര്‍ണമായും പാലിക്കണം.
ലോകകപ്പിനായി ഖത്തറിലെത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സേവനം ചെയ്യാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ് ഡെസ്‌ക് സജ്ജമാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് 39931874, 39936759, 39934308, 55647502, 55667569 എന്നീ എംബസി ഹെല്‍പ് ലൈന്‍ നമ്പറുകളിലോ indianembassyqatar എന്ന ഫെയ്‌സ്ബുക്ക് പേജിലോ indembdoha എന്ന ട്വിറ്റര്‍ അക്കൗണ്ടിലോ ബന്ധപ്പെടാവുന്നതാണ്.
അതേസമയം, ഖത്തറിലെ ഇന്ത്യൻ എംബസിയാണ് നേരത്തെ പുറത്തിറക്കിയ ഓർമ്മപ്പെടുത്തലുമായി ഇപ്പോൾ രംഗത്ത് എത്തിയതെങ്കിലും മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും സമാനമായ നിയമമാണ് നിലനിൽക്കുന്നത് എന്നതിനാൽ പ്രവാസികൾ ജാഗത്ര പാലിക്കൽ അത്യാവശ്യമാണ്.