ദുബായ്: യുഎഇയില്‍ വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് ഈടാക്കുന്ന വിസ ഓവര്‍സ്‌റ്റേ ഫീസ് നിരക്ക് ഏകീകരിച്ച് അധികൃതര്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഏതെങ്കിലും വിസയില്‍ രാജ്യത്ത് തങ്ങുന്നവര്‍ വിസാ കാലാവധി കഴിയുന്നതിന് മുമ്പ് വിസ പുതുക്കുകയോ മറ്റൊരു വിസയിലേക്ക് മാറുകയോ അല്ലെങ്കില്‍ രാജ്യത്ത് നിന്ന് പുറത്തുകടക്കുകയോ ചെയ്യണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടര്‍ന്നാണ് അവരില്‍ നിന്ന് പിഴ ഈടാക്കാന്‍ യുഎഇ ഫെഡറല്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഈ വിസ ഓവര്‍സ്‌റ്റേ പിഴയിലാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ വിവിധ വിസകള്‍ക്ക് വ്യത്യസ്ത നിരക്കില്‍ ഈടാക്കുന്ന ഓവര്‍സ്‌റ്റേ ഫീസ് എല്ലാ വിസകള്‍ക്കും ഒരു പോലെയാക്കി ഏകീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. യുഎഇയിലെ ഇതുവരെയുള്ള നിയമപ്രകാരം ടൂറിസ്റ്റ്, വിസിറ്റ് വിസകളില്‍ രാജ്യത്ത് വന്നതിന് ശേഷം വിസ കാലാവധി കഴിയുന്നതിന് മുമ്പ് അതിന്റെ കാലാവധി പുതുക്കുകയോ റെസിഡന്‍സ് വിസയിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടര്‍ന്നാല്‍ വിസ എക്‌സ്പയറി തീയതിക്ക് ശേഷമുള്ള ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴയായി നല്‍കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഈ പിഴ നിരക്ക് 50 ദിര്‍ഹമാക്കി കുറച്ചിരിക്കുകയാണ് പുതിയ വിജ്ഞാപനത്തിലൂടെ അതോറിറ്റി ചെയ്തിരിക്കുന്നത്.
അതേസമയം, റെസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും അവ പുതുക്കാതെ രാജ്യത്ത് തുടര്‍ന്നാലുള്ള പിഴ നിരക്ക് നേരത്തേ ഉള്ളതില്‍ നിന്ന് വര്‍ധിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. നിലവില്‍ നല്‍കേണ്ട 25 ദിര്‍ഹത്തിന് പകരം അത് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് 50 ദിര്‍ഹമാക്കിയാണ് മാറ്റിയിരിക്കുന്നത്. ഇതുപ്രകാരം രാജ്യത്തെ ഏത് വിസയ്ക്കുമുള്ള ഓവര്‍ സ്‌റ്റേ ഫീസ് 50 ദിര്‍ഹമാക്കി ഏകീകരിച്ചിരിക്കുകയാണ് അധികൃതര്‍. രാജ്യത്തെ വിസ ടൈപ്പിംഗ് സെന്ററുകളും ഫീസ് മാറ്റം സ്ഥിരീകരിച്ചു. യുഎഇ ഭരണകൂടം കഴിഞ്ഞ മാസം പ്രഖ്യാപിച്ച സുപ്രധാന വിസ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഓവര്‍സ്‌റ്റേ ഫീസുകള്‍ ഏകീകരിച്ചുകൊണ്ട് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.