റിയാദ്: അമേരിക്കയുടെ ഭാഗത്തുനിന്നടക്കമുള്ള സമ്മർദങ്ങൾക്ക് വഴങ്ങുകയില്ലെന്ന സന്ദേശം നൽകി ഒപെക് പ്ലസ് തീരുമാനപ്രകാരം പ്രതിദിന ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ കുറവ് വരുത്താൻ സൗദിയുടെ തീരുമാനം. നവംബർ ഒന്ന് മുതൽ പ്രതിദിന ഉൽപാദനത്തിൽ 5,73,000 ബാരലിന്റെ കുറവ് വരുത്താനാണ് സാധ്യതയെന്ന് പ്രമുഖ പ്രാദേശിക മാധ്യമമായ ‘ഉക്കാദ്’ റിപ്പോർട്ട് ചെയ്തു. 2020ന് ശേഷമുള്ള ഏറ്റവും വലിയ കുറവ് വരുത്തലാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞമാസം ചേർന്ന പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസിന്റെ തീരുമാനപ്രകാരമാണ് സൗദി അറേബ്യയും ഉൽപാദനം വെട്ടിക്കുറക്കുന്നത്. എണ്ണ വിപണിയുടെ സ്ഥിരത നിലനിർത്തുന്നതിനും കമ്പോളത്തിലെ അഭൂതപൂർവമായ അനിശ്ചിതത്വത്തെ നേരിടുന്നതിനുംവേണ്ടിയുള്ള നടപടികളുടെ ഭാഗമായി നവംബർ ഒന്നുമുതൽ എണ്ണയുടെ പ്രതിദിന ഉൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ കുറവ് വരുത്തുമെന്നാണ് ഒപെക് പ്ലസ് പ്രഖ്യാപിച്ചിരുന്നത്.
ഇപ്രകാരം സൗദി അറേബ്യ ഉൽപാദനത്തിൽ കുറവ് വരുത്തുന്നതോടെ റഷ്യയുടെയും സൗദിയുടെയും ക്രൂഡ് ഓയിൽ ഉൽപാദനത്തോത് ഏതാണ്ട് തുല്യമാകും. കോവിഡ് സാഹചര്യത്തിനുശേഷം സൗദി ഉൽപാദനത്തിൽ കുറവ് വരുത്തുന്നത് ആദ്യമാണ്. കഴിഞ്ഞ 16 മാസത്തിനിടെ വിപണി സാഹചര്യത്തിന് അനുസൃതമായി ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ 38.6 ശതമാനം വർധനയാണ് സൗദി വരുത്തിയത്.
കഴിഞ്ഞമാസം 27ന് ചൈനയിൽ 1506 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തിയശേഷം ചൈനീസ് അധികൃതർ രോഗനിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. അതിനുശേഷം ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. റഷ്യയുടെ യുെക്രയ്ൻ അധിനിവേശ സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈയിൽ സൗദി സന്ദർശിച്ച യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എണ്ണ ഉൽപാദനം വെട്ടിക്കുറക്കാതിരിക്കാൻ സൗദി അധികൃതരിൽ സമ്മർദം ചെലുത്തിയിരുന്നു. തന്റെ രാജ്യത്തെ ഇന്ധന ആവശ്യം നിറവേറ്റുക എന്നത് മാത്രമല്ല; ഉപരോധം നേരിടുന്ന റഷ്യ, എണ്ണ വിലയിൽനിന്ന് നേട്ടമുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യംകൂടി ബൈഡന് ഉണ്ടായിരുന്നു. എണ്ണലഭ്യത, സന്തുലിതത്വം തുടങ്ങിയ വിപണി സാഹചര്യത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ ഒപെക് സഖ്യം തീരുമാനമെടുക്കുക എന്ന് അന്നുതന്നെ സൗദി അധികൃതർ വ്യക്തമാക്കിയിരുന്നതാണ്.
ഒക്ടോബറിൽ ചേർന്ന ഒപെക് പ്ലസ് കൂട്ടായ്‌മ ഉൽപാദനം വെട്ടിച്ചുരുക്കാൻതന്നെ തീരുമാനിച്ചത് യു.എസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സൗദിയുമായുള്ള ബന്ധത്തിൽ പുനരാലോചന വേണ്ടിവരുമെന്ന രീതിയിൽ ജോ ബൈഡനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതികരിച്ചത്.എന്നാൽ പക്വവും യുക്തിസഹവുമായ മറുപടികൾ കൊണ്ടാണ് സൗദി അതിനെ നേരിട്ടത്. എണ്ണയെ രാഷ്ട്രീയായുധമായി തങ്ങൾക്ക് കാണാനാവില്ലെന്നും മാനവരാശിക്ക് അത്യന്താപേക്ഷിതമായ പ്രകൃതിവിഭവമെന്ന നിലക്ക് ആഗോള വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ മാത്രമേ സാധിക്കൂ എന്നും സൗദി മന്ത്രിസഭാംഗങ്ങൾ അടക്കമുള്ള ഉന്നതർ വ്യക്തമാക്കി. അമേരിക്കയുമായുള്ള സൗദിയുടെ ബന്ധം സുദീർഘവും ചരിത്രപരവുമാണെന്ന് അവർ ഓർമിപ്പിക്കുകയും ചെയ്തു. എണ്ണവിഷയത്തിൽ സൗദിക്കെതിരെയുള്ള പ്രസ്താവനകൾ വസ്തുതാപരമല്ലെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) നേതൃത്വവും വ്യക്തമാക്കിയിരുന്നു.