റിയാദ്: ഈ വർഷം മൂന്നാം പാദത്തിൽ സൗദി അറാംകൊ 159.12 ബില്യൺ റിയാൽ (4,243 കോടി ഡോളർ) ലാഭം നേടിയതായി കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തിൽ കമ്പനി ലാഭം 114 ബില്യൺ റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ കമ്പനി ലാഭം 39 ശതമാനം തോതിൽ ഉയർന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് എണ്ണ വിലയും ഉൽപാദനവും ഉയർന്നതും എണ്ണ സംസ്‌കരണ മേഖലയിൽ നിന്നുള്ള ലാഭം വർധിച്ചതുമാണ് ഈ കൊല്ലം മൂന്നാം പാദത്തിൽ കമ്പനി ലാഭം വലിയ തോതിൽ ഉയരാൻ കാരണം.
ഈ വർഷം ആദ്യത്തെ ഒനപതു മാസക്കാലത്ത് അറാംകൊ ലാഭം 67.97 ശതമാനം തോതിൽ ഉയർന്ന് 488.78 ബില്യൺ റിയാൽ (130.34 ബില്യൺ ഡോളർ) ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി ലാഭം 291 ബില്യൺ റിയാൽ (77.6 ബില്യൺ ഡോളർ) ആയിരുന്നു. ഒമ്പതു മാസത്തിനിടെ കമ്പനി ഓഹരി ലാഭം 2.15 റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ കമ്പനി ഷെയർ ലാഭം 1.27 റിയാലായിരുന്നു. മൂന്നാം പാദത്തിലെ ലാഭവിഹിതമായി ഓഹരിയുടമകൾക്ക് 70.33 ബില്യൺ റിയാൽ (1,876 കോടി ഡോളർ) വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ലോകത്തെ ഏറ്റവും വലിയ അഞ്ചു എണ്ണ കമ്പനികൾ മൂന്നാം പാദത്തിൽ കൈവരിച്ച ലാഭത്തിന്റെ 49 ശതമാനത്തിന് തുല്യമാണ് സൗദി അറാംകൊയുടെ ലാഭം. എക്‌സൺ മൊബീൽ, ചെവ്‌റോൺ, ടോട്ടൽ, ഷെൽ, ബ്രിട്ടീഷ് പെട്രോളിയം എന്നീ അഞ്ചു കമ്പനികൾ മൂന്നാം പാദത്തിൽ ആകെ 87 ബില്യൺ ഡോളറാണ് ലാഭം നേടിയത്. അറാംകൊ ഒറ്റക്ക് 42.4 ബില്യൺ ഡോളർ ലാഭം നേടി.
ലോകത്ത് ഓഹരി വിപണികളിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ കൂട്ടത്തിൽ മൂന്നാം പാദത്തിൽ ഏറ്റവുമധികം ലാഭം നേടിയത് സൗദി അറാംകൊ ആണ്.
രണ്ടാം സ്ഥാനത്തുള്ള ആപ്പിൾ കമ്പനിയുടെ ഇരട്ടി ലാഭം അറാംകൊ നേടി. ആപ്പിൾ കമ്പനി മൂന്നാം പാദത്തിൽ 20.7 ബില്യൺ ഡോളർ ലാഭമാണുണ്ടാക്കിയത്. മൂന്നാം സ്ഥാനത്തുള്ള അമേരിക്കൻ എണ്ണ കമ്പനിയായ എക്‌സൺ മൊബീൽ 19.7 ബില്യൺ ഡോളർ ലാഭം നേടി. നാലാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് 17.6 ബില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഗൂഗിൾ 13.9 ബില്യൺ ഡോളറും ലാഭം കൈവരിച്ചു.