റിയാദ് : 2,000 വ്യക്തികളുടെ വിരലടയാളം ചോർത്തി പണം മോഷ്ടിച്ചതിന് ഒരു സൗദി പൗരനും ആറ് ഏഷ്യൻ പൗരന്മാരും ഉൾപ്പെടെ ഏഴംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വ്യക്തികളുടെ വിരലടയാളം കരസ്ഥമാക്കുകയും അവരറിയാതെ അവരുടെ പേരിൽ സിംകാർഡുകൾ ഇഷ്യു ചെയ്യുന്ന സംഘം ശേഷം അവരുമായി ബന്ധപ്പെടും. സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തിഗത വിവരങ്ങൾ ചോർത്തി അവരുടെ പേരിലെടുത്ത ഫോൺ നമ്പറുകളിലേക്ക് വരുന്ന ഒടിപി വഴി അക്കൗണ്ടിൽ നിന്ന് പണം അപഹരിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി
പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള മോണിറ്ററി വിഭാഗം ക്രിമിനൽ സംഘത്തിന്റെ വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഏഷ്യൻ പൗരന്മാർക്ക് തട്ടിപ്പിൽ ഏർപ്പെടാൻ സൗകര്യമൊരുക്കുന്നതിനു ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ സൗദി പൗരൻ വാണിജ്യ രജിസ്ട്രേഷൻ നേടിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
2000-ലധികം ആളുകളുടെ വിരലടയാളം സംഘത്തിന് ലഭിക്കുകയും ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കുകയും ചെയ്തുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തി. ഇത് സംബന്ധിച്ച് അറ്റോർണി ജനറലിന്റെ ഉത്തരവിനെ തുടർന്നാണ് സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തത്.
ബാങ്കുകളിൽ നിന്ന് ബാങ്ക് കാർഡ് പാസ് വേർഡ്, ബാങ്ക് അക്കൗണ്ട് പാസ് വേർഡ്, മൊബൈലിലേക്ക് അയക്കുന്ന ഒ.ടി.പി നമ്പർ എന്നിവ ചോദിച്ച് ജീവനക്കാർ ഫോൺ ചെയ്യില്ലെന്ന് നേരത്തെ അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ബാങ്കുകളിൽ നിന്നാണെന്ന പേരിൽ വരുന്ന കാളുകൾ അവഗണിക്കുകയും സുരക്ഷാ വിഭാഗത്തിനു പരാതി നൽകുകയുമാണ് പ്രവാസികൾക്ക് ചെയ്യാൻ സാധിക്കുന്ന പരിഹാര മാർഗം.