അബൂദാബി: യുഎഇയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) നിയമത്തില്‍ ഏതാനും ഭേദഗതികള്‍ പ്രഖ്യാപിച്ച് യുഎഇ ധനകാര്യ മന്ത്രാലയം. തീരെ വാറ്റ് നല്‍കേണ്ടതില്ലാത്ത ഉല്‍പന്നങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് പുതിയ ഭേദഗതിയില്‍ കൊണ്ടുവന്നിരിക്കുന്നത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭേദഗതി അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട 2017ലെ എട്ടാം നമ്പര്‍ ഫെഡറല്‍ ഉത്തരവിലാണ് യുഎഇ ധനകാര്യമന്ത്രാലയം ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. വാറ്റുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന മികച്ച രീതികളുടെയും ഏകീകൃത ജിസിസി വാറ്റ് കരാറിന്റെയും നികുതി സംബന്ധിച്ച കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ബിസിനസ് മേഖലയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
ഇതുപ്രകാരം മൂല്യവര്‍ധിത നികുതി പൂജ്യമായ അഥവാ തീരെ മൂല്യ വര്‍ധിത നികുതി നല്‍കേണ്ടതില്ലാത്ത ഉള്‍പന്നങ്ങളും സേവനങ്ങളും മാത്രം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ നിലവില്‍ വാറ്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ അവര്‍ക്ക് വാറ്റ് രജിസ്ട്രേഷന്‍ ഒഴിവാക്കി കിട്ടുന്നതിന് പുതിയ നിയമപ്രകാരം അപേക്ഷിക്കാം. കയറ്റുമതി, വിദ്യാഭ്യാസ സേവനം, ആരോഗ്യസേവനം, വീട്ടുവാടക എന്നിവ വാറ്റ് നികുതി നല്‍കേണ്ടതില്ലാത്ത ബിസിനസ് മേഖലകളാണ്. ഇന്‍വോയ്സിന്റെ സമയപരിധിയുടെ അടിസ്ഥാനത്തില്‍ നല്‍കാനുള്ള നികുതിക്ക് ടാക്സ് ക്രെഡിറ്റ് നോട്ട് സമര്‍പ്പിക്കാനുള്ള സമയം 14 ദിവസമായി നിശ്ചയിച്ചതടക്കമുള്ള മാറ്റങ്ങളാണ് പുതിയ ഭേദഗതിയില്‍ വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ഒരു കമ്പനിയുടെ രജിസ്ട്രേഷന്‍
നിര്‍ബന്ധപൂര്‍വം റദ്ദാക്കാനും ഫെഡറല്‍ ടാക്‌സ് അതോറിറ്റിക്ക് അധികാരമുണ്ടാകും. ടാക്‌സിന്റെ നിര്‍വചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതു കൂടിയാണ് പുതിയ നിയമ ഭേദഗതി.