മസ്കത്ത് : പത്ത് വയസ്സ് കഴിഞ്ഞ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കാത്തവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കുന്നു. ഇത്തരക്കാർ വൈകിയ ഓരോ മാസത്തേക്കും പത്ത് റിയാൽ വീതം പിഴ നൽകേണ്ടി വരും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പത്ത് വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് റെസിഡൻറ് കാർഡ് നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
റെസിഡൻറ് കാർഡ് എടുക്കാൻ വിസ കാലാവധി കഴിയുന്നതു വരെ കാത്തിരുന്നാൽ കുഴപ്പമാവും. വിസ പുതുക്കുമ്പോൾ എടുക്കാമെന്ന് ആരെങ്കിലും തീരുമാനിച്ചെങ്കിൽ കുട്ടിക്ക് പത്ത് വയസ്സ് പൂർത്തിയായതിനുശേഷമുള്ള ഓരോ മാസത്തേക്കും പത്ത് റിയാൽ വീതമാണ് പിഴ നൽകേണ്ടത്. കുട്ടികളുടെ റെസിഡൻറ് കാർഡ് രണ്ട് വർഷത്തേക്ക് 11 റിയാലാണ് ഫീസ്. കുട്ടികൾ ഒമാനിൽ ഉണ്ടായിരിക്കണം.
ദീർഘകാലമായി നാട്ടിൽ കഴിയുന്ന പല പ്രവാസികളും കുട്ടികളുടെ വിസ പുതുക്കുന്ന സമയമാവുമ്പോഴാണ് ഒമാനിൽ വരുന്നത്. നിയമം കഴിഞ്ഞ വർഷം നടപ്പായതിനാൽ കുട്ടികളുടെ റെസിഡൻറ് കാർഡ് പുതുക്കുന്നത് സംബന്ധമായ വിഷയത്തിൽ പലരും ബോധവാന്മാരല്ല. പുതിയ കുടുംബ വിസ അടിക്കാൻ വീണ്ടും ഒമാനിലെത്തുമ്പോഴാണ് റെസിഡൻറ് കാർഡ് എടുക്കാത്തതിന്‍റെ വിന മനസ്സിലാകുന്നത്. പലർക്കും പുതിയ കാർഡെടുക്കാൻ എത്തുമ്പോൾ നല്ല പിഴ നൽകേണ്ടി വന്നിട്ടുണ്ട്. പിഴ ഇനത്തിൽ മാത്രം 60 റിയാലും അതിലധികവും അടക്കേണ്ടി വന്നവരും നിരവധിയാണ്.
മുമ്പ് 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് റെസിഡൻറ് കാർഡ് നിർബന്ധമായിരുന്നപ്പോൾ 16ാമത്തെ വയസ്സിൽ കാർഡ് എടുക്കാൻ വന്നവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. പത്ത് വയസ്സ് കഴിഞ്ഞ കുട്ടികൾക്ക് റെസിഡൻറ് കാർഡുകൾ നിർബന്ധമാണ്.