മക്ക : കാലാവധി തീർന്ന ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും വിൽക്കുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്ത കേസിൽ സൗദി പൗരനും വിദേശിക്കും മക്ക ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മക്കയിൽ പ്രവർത്തിക്കുന്ന അൽഹിജ്‌റ മിനിമാർക്കറ്റ് ഉടമ ബന്ദർ ബിൻ സുലൈമാൻ ബിൻ ജാറല്ല അൽജുഹനി, സ്ഥാപനത്തിലെ ജീവനക്കാരനായ മ്യാന്മർ സ്വദേശി സുബൈർ അബ്ദുല്ല അബ്ദുൽഹലീം കലാമിയാ എന്നിവർക്കാണ് പിഴ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മിനിമാർക്കറ്റിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും ജീവനക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.
മക്കയിൽ പ്രവർത്തിക്കുന്ന മിനിമാർക്കറ്റിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി തീർന്നതും ഉറവിടമറിയാത്തതും ഉപയോഗശൂന്യവുമായ 600 ഓളം പാക്കറ്റ് ഭക്ഷ്യസ്തുക്കൾ വിൽപനക്ക് പ്രദർശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. കാലാവധി തീർന്നതും ഉപയോഗശൂന്യവുമായ പച്ചക്കറികളും മത്സ്യവും ജ്യൂസുകളും മിഠായികളുമാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്.
പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ മന്ത്രാലയം സൗദി പൗരനും മ്യാന്മർ സ്വദേശിക്കുമെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സൗദിയിൽ വാണിജ്യ വഞ്ചന കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വാണിജ്യ വഞ്ചനകൾ അടക്കം വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ 1900 എന്ന നമ്പറിൽ ഏകീകൃത കംപ്ലയിന്റ്‌സ് സെന്ററിൽ ബന്ധപ്പെട്ടോ എല്ലാവരും അറിയിക്കണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.