കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുവൈത്ത് വിട്ടത് 382,000 പ്രവാസികളെന്ന് കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്ത് എത്തിയവരുടെ എണ്ണത്തിൽ 2.3 ശതമാനം വർധനയുണ്ടായി.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാല്‍ വാർഷികാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഇത് ഇപ്പോഴും കുറവാണ്. 2019ലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനേക്കാൾ 11.4 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022ന്റെ ആദ്യ പകുതിയിലെ കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യ വ്യത്യസ്തമായ തലത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാൽ, വാർഷികാടിസ്ഥാനത്തിൽ അത് 3.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നു.
ലേബർ മാർക്കറ്റിൽ കഴിഞ്ഞ വർഷം കുവൈത്തി പൗരന്മാരുടെ തൊഴിൽ നിരക്കിൽ ഗണ്യമായ വർധനയുണ്ടായി. സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങൾ കൂടിയതാണ് ഇതിന്റെ കാരണം. രാജ്യത്തേക്ക് എത്തുന്നവരുടെ കാര്യത്തിൽ ഇന്ത്യക്കാരുടെ എണ്ണത്തിലാണ് ഏറ്റവും കുറവ് വന്നിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ 15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. രണ്ടാമതുള്ളത് ഈജിപ്തിൽ നിന്നുള്ളവരാണ്.
അതേസമയം കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് കുവൈത്തിൽ പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ് ഈ കാലയളവ് ബാധകമാകുന്നത്. ഈ വിസയ്ക്ക് 2022 മേയ് ഒന്ന് മുതലാണ് ആറുമാസത്തിനുള്ള സമയപരിധി കണക്കാക്കുകയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി.
അതേസമയം, ആര്‍ട്ടിക്കിള്‍ 17 (ഗവണ്‍മെന്റ് സെക്ടര്‍ വിസ), ആര്‍ട്ടിക്കിള്‍ 19 (പാര്‍ട്ണര്‍ വിസ), ആര്‍ട്ടിക്കിള്‍ 22 (ഫാമിലി വിസ), ആര്‍ട്ടിക്കിള്‍ 23 (സ്റ്റുഡന്റ്സ് വിസ), ആര്‍ട്ടിക്കിള്‍ 24 (സെല്‍ഫ് സ്‍പോണ്സര്‍ഷിപ്പ് വിസ) എന്നീ വിസകളുള്ളവരും ആറ് മാസത്തിലധികം കുവൈത്തിന് പുറത്ത് താമസിച്ചാല്‍ വിസ റദ്ദാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.
ഇവരുടെ ആറ് മാസ കാലയളവ് കണക്കാക്കുന്നത് 2022 ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും. അതുകൊണ്ടുതന്നെ ഈ വിസകളിലുള്ളവര്‍ ഇപ്പോള്‍ കുവൈത്തിന് പുറത്താണെങ്കില്‍ തിരികെ പ്രവേശിക്കാന്‍ 2023 ജനുവരി ഒന്ന് വരെ സമയം ലഭിക്കും.