ദോഹ : ലോകകപ്പ് ഫുട്ബാളിനായി ഖത്തറിലേക്ക് യാത്രക്കൊരുങ്ങുന്ന സന്ദർശകർക്ക് സന്തോഷവാർത്തയുമായി ആരോഗ്യമന്ത്രാലയം. നവംബർ ഒന്ന് മുതൽ രജ്യത്തേക്ക് പുറപ്പെടുന്നവർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഖത്തറിലെ താമസക്കാർ രാജ്യത്ത് എത്തി 24 മണിക്കൂറിനുള്ള റാപിഡ് ആന്റിജൻ അല്ലെങ്കിൽ പി.സി.ആർ പരിശോധന നടത്തണമെന്ന നിർദേശവും ഒഴിവാക്കി. ലോകകപ്പിനായി ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാകാർഡ് വഴി രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്ന നവംബർ ഒന്ന് മുതൽ ഇളവുകൾ പ്രാബല്ല്യത്തിൽ വരും.
ഖത്തറിലും ലോകത്തും കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും, പൊതുജനങ്ങൾ വാക്സിൻ സ്വീകരിച്ച് രോഗത്തിനെതിരെ ആരോഗ്യ സുരക്ഷ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.
നവംബർ 20ന് ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിക്കാനിരിക്കെയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള യാത്രക്കാർക്ക് കോവിഡ് പരിശോധനയിൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. നേരത്തെയുള്ള അറിയിപ്പു പ്രകാരം യാത്രക്ക് 48 മണിക്കൂറിനുള്ളിലായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഈ നിബന്ധന ഒഴിവായതോടെ കോവിഡ് പരിശോധനാ ഫലത്തിന്റെ ആശങ്കകളില്ലാതെ തന്നെ ഖത്തറിലേക്ക് പുറപ്പെടാം.