റിയാദ്- രാജ്യം ശൈത്യകാലത്തേക്ക് പ്രവേശിച്ചതോടെ പകര്‍ച്ചപ്പനിയടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആള്‍തിരക്കുള്ള സ്ഥലങ്ങളിലും രോഗലക്ഷണമുള്ളവരുള്ളിടത്തും ആരോഗ്യകേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കണമെന്നും സൗദി ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.
രോഗം ബാധിച്ചവരുടെ ശ്വാസോച്ഛ്വാസ സമയത്ത് പുറത്തുവരുന്ന ചെറുകണികകള്‍ വഴി രോഗ വ്യാപനത്തിന് സാധ്യതയുണ്ട്. മൂക്കൊലിപ്പ്, തൊണ്ടവേദന, വരണ്ട ചുമ, തലവേദന, 38 ഡിഗ്രിയില്‍ കൂടുതലുള്ള ശരീരോഷ്മാവ് എന്നിവയാണ് കാലാവസ്ഥജന്യ രോഗങ്ങള്‍. ശ്വാസ കോശ വീക്കം, ചെവിയിലെ അണുബാധ, രക്ത വിഷബാധ, മരണം എന്നീ സങ്കീര്‍ണതകള്‍ക്കും ഇതു കാരണമാകാം. രോഗപ്രതിരോധത്തിനുള്ള ഏക പോംവഴി മാസ്‌ക് ധരിക്കലും കണ്ണിലും വായയിലും നേരിട്ട് തൊടാതിരിക്കലുമാണ്. വൈറസ് പനി കുത്തിവെപ്പെടുക്കുകയും കൈ കഴുകുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.