റിയാദ്: സഊദിയിൽ അഴിമതി കേസിൽ
സര്‍ക്കാര്‍ ഉദ്യോഗസ്ഥർ അടക്കം
30 പേര്‍ അറസ്റ്റിലായതതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.
വ്യാജ രേഖകള്‍ ചമച്ച് സിവില്‍ ഡിഫന്‍സില്‍ നിന്ന് 1,60,000 റിയാല്‍ തട്ടിയെടുത്ത സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനും സൗദി പൗരന് വായ്പ അനുവദിക്കാനുള്ള നടപടികള്‍ നിയമ വിരുദ്ധമായി പൂര്‍ത്തിയാക്കുന്നതിനു പകരം കൈക്കൂലിയായി ആവശ്യപ്പെട്ട ഒരു ലക്ഷം റിയാല്‍ നിന്ന് 20,000 റിയാല്‍ കൈപ്പറ്റിയ വിദേശിയും തങ്ങളുടെ മക്കളാണെന്ന് വാദിച്ച് ഏതാനും പേരെ ഫാമിലി രജിസ്റ്ററുകളില്‍ നിയമ വിരുദ്ധമായി ഉള്‍പ്പെടുത്താന്‍ 64,000 റിയാല്‍ കൈക്കൂലി നല്‍കിയ മൂന്നു സൗദി പൗരന്മാരും അറസ്റ്റിലായി.
വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയതിന് ഗവണ്‍മെന്റ് കമ്പനി സി.ഇ.ഒയെ അറസ്റ്റ് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള കരാറുകള്‍ വഴിവിട്ട നിലയില്‍ അനുവദിക്കാന്‍ കൂട്ടുനിന്ന് സ്വകാര്യ കമ്പനിയില്‍ നിന്ന് നാലര ലക്ഷം റിയാല്‍ കൈക്കൂലി സ്വീകരിച്ചതിനാണ് ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അറസ്റ്റ് ചെയ്തത്.
ഈ കേസില്‍ കമ്പനി ഉടമയെയും അറബ് വംശജനായ എക്‌സ്‌ക്യൂട്ടീവ് മാനേജറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായുള്ള ബന്ധം പ്രയോജനപ്പെടുത്തി ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ പെര്‍മിറ്റുകള്‍ അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശിയില്‍ നിന്ന് 12,000 റിയാല്‍ കൈപ്പറ്റിയതിനാണ് അറബ് വംശജനായ എക്‌സിക്യൂട്ടീവ് മാനേജറെ അറസ്റ്റ് ചെയ്തത്.
മധ്യവര്‍ത്തികളായ രണ്ടു സൗദി പൗരന്മാരുമായും നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുമായും നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനുമായും സഹകരിച്ച് ഒന്നേകാല്‍ കോടി റിയാല്‍ കൈക്കൂലി സ്വീകരിച്ച് നിയമ വിരുദ്ധമായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിലും അറബ് വംശജനായ എക്‌സിക്യൂട്ടീവ് മാനേജര്‍ക്ക് പങ്കുണ്ട്.
കേസിലെ പ്രതികളായ മധ്യവര്‍ത്തികളായ സൗദി പൗരന്മാരെയും നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥനെയും നോട്ടറി പബ്ലിക് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
നഗരസഭക്കു കീഴില്‍ വാണിജ്യ ആവശ്യത്തിനുള്ള നാലു പ്ലോട്ടുകള്‍ തരംമാറ്റി പാര്‍പ്പിട ആവശ്യത്തിനാക്കി മാറ്റുന്ന വ്യാജ രേഖകള്‍ നിര്‍മിക്കുകയും ഇതില്‍ രണ്ടു പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം നഗരസഭയിലെ സുരക്ഷാ വിഭാഗം മേധാവിയുടെ പേരിലേക്കും രണ്ടു പ്ലോട്ടുകളുടെ ഉടമസ്ഥാവകാശം തന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലേക്കും മാറ്റുകയും ചെയ്ത ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുമ്പ് സേവമനുഷ്ഠിച്ചിരുന്ന നഗരസഭാ ഉദ്യോഗസ്ഥനും അറസ്റ്റിലായി. ഈ കേസില്‍ നഗരസഭാ സുരക്ഷാ വിഭാഗം മേധാവിയും മുഖ്യപ്രതിയുടെ കൂട്ടുകാരനും പിടിയിലായിട്ടുണ്ട്.
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിയമ വിരുദ്ധമായി പൂര്‍ത്തിയാക്കാന്‍ സൗദി വനിതയില്‍ നിന്ന് പതിനഞ്ചു ലക്ഷം റിയാലും ആറു വില്ലകളുടെ പ്രമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നിയമ വിരുദ്ധമായി പൂര്‍ത്തിയാക്കാന്‍ സൗദി പൗരനോട് അര ലക്ഷം റിയാലും കൈക്കൂലി ആവശ്യപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു.
പെട്രോള്‍, ഗ്യാസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹെവി എക്വിപ്‌മെന്റുകള്‍ ഓടിക്കുന്നതിനുള്ള 30 യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിന് 1,80,000 റിയാല്‍ കൈക്കൂലി വാഗ്ദാനംചെയ്യുകയും ആദ്യ ഗഢുവായി 20,000 റിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്ത സ്വകാര്യ കമ്പനി ജീവനക്കാരനെയും കൈയോടെ അറസ്റ്റ് ചെയ്തു.
താന്‍ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയുമായുള്ള കരാര്‍ പുതുക്കാനും കരാര്‍ വകയിലെ പണം വിതരണം ചെയ്യാനും കരാര്‍ പ്രകാരമുള്ള പ്രവൃത്തികളിലെ നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടക്കാനും സ്വകാര്യ കമ്പനിയില്‍ നിന്ന് 1,80,000 റിയാല്‍ കൈക്കൂലി സ്വീകരിച്ച പ്രമുഖ സ്വകാര്യ കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനും അറസ്റ്റിലായി.
വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് നടപടികള്‍ നിയമ വിരുദ്ധമായി പൂര്‍ത്തിയാക്കുന്നതിന് 250 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ കൈക്കൂലി സ്വീകരിച്ച രണ്ടു സൗദി പൗരന്മാരെയും ഇതിന് മധ്യവര്‍ത്തികളായി രണ്ടു വിദേശികളെയും അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനി ഉപകരണങ്ങള്‍ നഗരസഭാ യാര്‍ഡില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ച ശേഷം കമ്പനിയുടെ പേരില്‍ നിയമ ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്താതിരിക്കാന്‍ മധ്യവര്‍ത്തിയായ സൗദി പൗരന്‍ മുഖേന 5,000 റിയാല്‍ കൈക്കൂലി ആവശ്യപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥനെയും മധ്യവര്‍ത്തിയെയും അറസ്റ്റ് ചെയ്തു.
സമീപ കാലത്ത് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അന്വേഷണങ്ങള്‍ നടത്തിയ പ്രധാനപ്പെട്ട 15 അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് അതോറിറ്റി പുറത്തുവിട്ടത്.