സൗദി തൊഴിൽ നിയമത്തിൽ പുതിയ പരിഷ്ക്കരണം ബാധകമാക്കി മാനവ വിഭവശേഷി മന്ത്രാലയം സർക്കുലർ പുറത്തിറക്കി.
പുതിയ പരിഷ്ക്കരണ പ്രകാരം ഒരു തൊഴിലാളി ജോലിയിൽ നിന്ന് വിട്ട് നിൽക്കുകയും അത് തൊഴിലുടമ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നതോടെ തൊഴിലാളിയുടെ സ്റ്റാറ്റസ് “ജോലിയിൽ നിന്ന് വിട്ട് നിന്നു” എന്നായി മാറും. പിന്നീട് തൊഴിലാളിയുടെ മേൽ തൊഴിലുടമക്ക് ബാധ്യതകൾ ഉണ്ടാകില്ല.
അതേ സമയം ജോലിയിൽ നിന്ന് വിട്ട് നിന്നതായി റിപ്പോർട്ട് ചെയ്ത് 60 ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് രണ്ട് മാർഗങ്ങൾ സ്വികരിക്കൽ നിർബന്ധമാണ്.
60 ദിവസത്തിനുള്ളിൽ മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറുക, 60 ദിവസത്തിനുള്ളിൽ ഫൈനൽ എക്സിറ്റ് നേടുക എന്നിവയാണ് രണ്ട് ഓപ്ഷനുകൾ.
മുകളിലെ രണ്ട് ഓപ്ഷനുകളും സ്വീകരിക്കാതെ 60 ദിവസം പിന്നിട്ടാൽ പിന്നീട് മുഴുവൻ സിസ്റ്റങ്ങളിലും തൊഴിലാളി ഓട്ടോമാറ്റിക്കായി ഹുറൂബായതായി (ഒളിച്ചോടി) സ്റ്റാറ്റസ് മാറും.
അതേ സമയം ഈ പരിഷ്ക്കരണം നിലവിൽ വരുന്നതിനു മുമ്പ് ( 22-10-2022 വരെ) ഹുറൂബായവർക്ക് പുതിയ തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറാനും പുതിയ പരിഷ്ക്കരണം അനുവദിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പുതിയ നിയമ പ്രകാരം ഹുറൂബായ തൊഴിലാളിയുടെ സ്പോൺസർഷിപ്പ് തന്റെ സ്ഥാപനത്തിലേക്ക് മാറ്റുന്ന സമയം പഴയ സ്പോൺസർ നൽകാൻ ബാക്കിയുള്ള തൊഴിലാളിയുടെ ലെവി പോലുള്ള ഫീസുകൾ പുതിയ സ്പോൺസർ അടക്കൽ നിർബന്ധമാണ്.
അതോടൊപ്പം ഹുറൂബായ തൊഴിലാളിയുടെ കഫാല മാറ്റം മന്ത്രാലയം അംഗീകരിച്ച് 15 ദിവസത്തിനുള്ളിൽ സ്പോൺസർഷിപ്പ് മാറിയില്ലെങ്കിൽ തൊഴിലാളിയുടെ സ്റ്റാറ്റസ് ഹുറൂബായിത്തന്നെ തുടരുകയും ചെയ്യും എന്നും പുതിയ പരിഷ്ക്കരണം വ്യക്തമാക്കുന്നു.
തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും, എല്ലാ കക്ഷികളുടെയും കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, വേതന സംരക്ഷണ സംവിധാനം ഉൾപ്പെടെ, രാജ്യത്തെ തൊഴിൽ വിപണിയുടെ ആകർഷണീയതയും വഴക്കവും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്ക്കരണം.