റിയാദ്: സൗദി വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരിൽ നിന്ന് 1157 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു ലക്ഷം യാത്രക്കാർക്ക് 17 പരാതികൾ തോതിലാണ് കഴിഞ്ഞ മാസം സൗദിയക്കെതിരെ ലഭിച്ചത്.
സൗദിയക്കെതിരായ പരാതികളിൽ 92 ശതമാനവും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
ഏറ്റവും കുറവ് പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഫ്‌ളൈ നാസ് ആണ്. ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 23 പരാതികൾ തോതിൽ കഴിഞ്ഞ മാസം ഉയർന്നുവന്നു. ഇതിൽ 81 ശതമാനം പരാതികളും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു.
മൂന്നാം സ്ഥാനത്തുള്ള ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 37 പരാതികൾ തോതിൽ കഴിഞ്ഞ മാസം ലഭിച്ചു. സെപ്റ്റംബർ മാസത്തിൽ ഫ്‌ളൈ അദീലിനെതിരെ ഉയർന്നുവന്ന പരാതികളിൽ 23 ശതമാനത്തിനു മാത്രമാണ് നിശ്ചിത സമയത്തിനകം പരിഹാരം കാണാൻ കമ്പനിക്ക് സാധിച്ചത്. ടിക്കറ്റ് നിരക്ക് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടാണ് വിമാന കമ്പനികൾക്കെതിരെ കഴിഞ്ഞ മാസം യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ബാഗേജ് നഷ്ടപ്പെടൽ, സർവീസിന് കാലതാമസം നേരിടൽ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് മദീന പ്രിൻസ് മുഹമ്മദ് എയർപോർട്ടിനെതിരെ ആണ്. മദീന വിമാനത്താവളത്തിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 0.3 പരാതി തോതിലാണ് കഴിഞ്ഞ മാസം ലഭിച്ചത്. ആകെ രണ്ടു പരാതികളാണ് കഴിഞ്ഞ മാസം മദീന വിമാനത്താവളത്തിനെതിരെ യാത്രക്കാരിൽ നിന്ന് ഉയർന്നുവന്നത്. മുഴുവൻ പരാതികൾക്കും നിശ്ചിത സമയത്തിനകം മദീന എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കാണുകയും ചെയ്തു.
പ്രതിവർഷം 60 ലക്ഷത്തിൽ കുറവ് യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറച്ച് പരാതികൾ ഉയർന്നുന്നത് പ്രിൻസ് നായിഫ് എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് ഒരു പരാതി തോതിലാണ് കഴിഞ്ഞ മാസം പ്രിൻസ് നായിഫ് വിമാനത്താവളത്തിനെതിരെ ലഭിച്ചത്. സെപ്റ്റംബർ മാസത്തിൽ ആകെ ഒരു പരാതിയാണ് എയർപോർട്ടിനെതിരെ ലഭിച്ചത്. ഈ പരാതി നിശ്ചിത സമയത്തിനകം എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹരിച്ചു.
ആഭ്യന്തര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് ബീശ എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് ഏഴു പരാതികൾ തോതിലാണ് കഴിഞ്ഞ മാസം ബീശ വിമാനത്താവളത്തിനെതിരെ ഉയർന്നുവന്നത്. സെപ്റ്റംബറിൽ ആകെ രണ്ടു പരാതികളാണ് ബീശ എയർപോർട്ടിനെതിരെ യാത്രക്കാരിൽ നിന്ന് ലഭിച്ചത്. ഇവക്ക് നിശ്ചിത സമയത്തിനകം ബീശ എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കണ്ടതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.
8001168888 എന്ന നമ്പറിൽ ഏകീകൃത കോൾ സെന്ററിൽ ബന്ധപ്പെട്ടും 0115253333 എന്ന നമ്പറിൽ വാട്‌സ്ആപ് വഴിയും അതോറിറ്റി ഇ-മെയിലും വെബ്‌സൈറ്റും സാമൂഹിക മാധ്യമ അക്കൗണ്ടുകളും വഴിയും വിമാന കമ്പനികൾക്കും എയർപോർട്ടുകൾക്കുമെതിരെ യാത്രക്കാർക്ക് ഇരുപത്തിനാലു മണിക്കൂറും പരാതികൾ നൽകാവുന്നതാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.