തുറൈഫ്- ഇവിടെയുള്ള മുഴുവൻ പക്ഷി വളർത്തൽ കേന്ദ്രങ്ങളിലും വിൽപ്പന കേന്ദ്രങ്ങളിലും പക്ഷിപ്പനിക്കെതിരെ കുത്തിവെപ്പ് നടത്തൽ യജ്ഞം ആരംഭിച്ചു.
മൃഗ ഡോക്ടർമാരും വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും ഓരോ കേന്ദ്രങ്ങളിലും ഷോപ്പുകളിലും എത്തി മുഴുവൻ പക്ഷികൾക്കും മരുന്ന് നൽകി വരികയാണ്.
സൗദി ഗവണ്മെന്റിന്റെ പരിസ്ഥിതി, കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് പക്ഷികൾക്കുണ്ടാകുന്ന പനിക്കെതിരെ കുത്തിവെപ്പ്. പ്രാവുകൾ, വ്യത്യസ്ത തരം കോഴികൾ, കാടകൾ, താറാവുകൾ, അലങ്കാര പക്ഷികൾ തുടങ്ങി നിരവധിയിനം പക്ഷികൾ വിൽക്കുന്നവരും വളർത്തുന്നവരുമുണ്ട് ഇവിടെ.
വകുപ്പ് അധികൃതർ പറയുന്നത് ഇതുവരെ ഉത്തര അതിർത്തി പ്രവിശ്യയിൽ ഒരു പക്ഷിക്കും പനി ബാധിച്ചിട്ടില്ലെന്നാണ്. എങ്കിലും കരുതൽ നടപടി എന്ന നിലക്കാണ് യജ്ഞത്തിന് തുടക്കം കുറിച്ചിരിക്കുന്നത്