അബഹ – കാലാവധി തീർന്ന ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും വിൽപന നടത്തിയ കേസിൽ സുഡാനി പൗരന് പിഴ ചുമത്തി. ഖമീസ് മുഷൈത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിനും സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന സുഡാനിക്കും ഖമീസ് മുഷൈത്ത് ക്രിമിനൽ കോടതിയാണ് പിഴ വിധിച്ചത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യവസ്തുക്കളും ഉപഭോക്തൃ വസ്തുക്കളും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ഹുസൈൻ അലി സ്വാലിഹ് ആലുസൗഫാൻ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്, സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന സുഡാനി ബാകിർ ബശീർ ഫദ്‌ലുല്ല എന്നിവർക്കാണ് ശിക്ഷ.
കാലാവധി തീർന്ന ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും വിൽപന നടത്തുകയും വിൽപനക്ക് പ്രദർശിപ്പിക്കുകയും ചെയ്ത സ്ഥാപനം അടപ്പിക്കാനും കാലാവധി തീർന്ന ഉൽപന്നങ്ങളും വ്യാജ ഉൽപന്നങ്ങളും നശിപ്പിക്കാനും വിധിയുണ്ട്. സുഡാനിയെ സൗദിയിൽനിന്ന് നാടുകടത്താനും ഉത്തരവിട്ടു. പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് സുഡാനിക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തി. സ്ഥാപനത്തിന്റെയും സുഡാനിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.