ഡോളറിനെതിരെയുള്ള രൂപയുടെ തകർച്ച തുടരുന്നതിനിടയിൽ ചരിത്രത്തിൽ ആദ്യമായി ഒരു സൗദി റിയാലിനു വിനിമയ നിരക്ക് 22 രൂപ കടന്നു.
ഈ സാഹചര്യത്തെ സൗദിയിലേയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും പ്രവാസികൾക്ക് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ച് വിദഗ്ധർ ആശയങ്ങൾ പങ്ക് വെക്കുന്നു.
പ്രധാനമായും നാട്ടിൽ കടങ്ങളോ ലോണുകളോ ഉള്ളവർക്ക് തിരിച്ചടവിനു ഇതൊരു നല്ല അവസരമാണെന്ന് തന്നെ പറയാം.
അത് പോലെ നാട്ടിൽ വീട് നിർമ്മാണം നടത്തുന്നവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. നാട്ടിൽ നിലവിൽ നിർമ്മാണ മേഖലയിൽ വലിയ വിലക്കയറ്റം പുതുതായി വന്നിട്ടില്ല എന്നതിനാൽ ഇനിയൊരു വൻ വിലക്കയറ്റം ഉണ്ടാകും മുമ്പ് പണം നാട്ടിലേക്കയച്ച് വീടു പണികളും മറ്റും തീർക്കാൻ സാധിക്കും.
നാട്ടിൽ സ്വർണ്ണ നിക്ഷേപമോ ആഭരണമോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇതൊരു നല്ല അവസരമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇപ്പോൾ നാട്ടിൽ സ്വർണ്ണ വിലയിൽ കുറവ് അനുഭവപ്പെടുന്നതിനാൽ അത്യാവശ്യം സ്വർണ്ണം വാങ്ങാനും ഈ സാഹചര്യം ഉപയോഗിക്കാം.
ഒരു പക്ഷേ കൈയിൽ റിയാലോ ദിർഹമോ മിച്ചം ഇല്ലാത്തവരും ഉണ്ടാകാം. അത്തരക്കാർക്ക് ഈ സാഹചര്യത്തിൽ തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിന്ന് പണം ലോണെടുക്കാൻ ശ്രമിച്ച് ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കാം.
അതോടൊപ്പം എല്ലാ ദിവസത്തെയും വിനിമയ നിരക്ക് ഓൺലൈൻ ആയിത്തന്നെ നിരീക്ഷിക്കുന്നത് പണം നാട്ടിലേക് ഉടൻ അയക്കേണ്ടതുണ്ടോ അതോ കുറച്ച് കൂടെ കാത്തിരിക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സഹായിക്കും.
കുടുംബങ്ങളെ ഗൾഫിലേക്ക് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നവർ നാട്ടിലെ ടിക്കറ്റ്, വിസാ ഇഷ്യു അടക്കമുള്ള ചെലവുകൾ വർദ്ധിക്കും മുമ്പ് തന്നെ അതിനായി ശ്രമിക്കുന്നത് നന്നാകും.
നാട്ടിൽ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇപ്പോഴത്തെ വിലയേക്കാൾ വർദ്ധനവ് ഉണ്ടാകും മുമ്പ് വാഹനങ്ങൾ ഇൻസ്റ്റാൾമെന്റ് ആയോ മൊത്തം വില കൊടുത്തോ വാങ്ങുന്നതാകും ബുദ്ധി എന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
അതേ സമയം നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാനായി മാത്രം പണം അയക്കുന്നവർ പെട്ടെന്ന് തന്നെ പണമയക്കാതിരിക്കുകയാകും ബുദ്ധി. ഒരു പക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ വീണ്ടും വിദേശ കറൻസികൾക്ക് മൂല്യം കൂടുകയാണെങ്കിൽ ആ സമയം പണമയക്കുന്നവർക്ക് നാട്ടിൽ വലിയ സംഖ്യ തന്നെ സേവിംഗ് ആയി ലഭിക്കാൻ അത് സഹായിക്കും.