GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചുകൊണ്ട് വിമാന കമ്പനികൾ പ്രവാസികൾക്ക് ആശ്വസിക്കാം



അബുദാബി/ദുബൈ: യുഎഇ– കേരള സെക്ടറിൽ തിരക്ക് കുറഞ്ഞതോടെ യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ചും ബാഗേജ് അലവൻസ് കൂട്ടിയും വിമാനക്കമ്പനികൾ. നികുതി ഉൾപ്പെടെ 269 ദിർഹത്തിനു (6080 രൂപ) വരെ ഇപ്പോൾ ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


സീസൺ സമയത്ത് വൺവേ ടിക്കറ്റിനു 2000–4000 ദിർഹം (45210–90420 രൂപ) വരെ ഈടാക്കിയിരുന്ന സ്ഥാനത്താണിപ്പോൾ നിരക്ക് കുത്തനെ കുറച്ചത്.


എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ ഫസ്റ്റ് തുടങ്ങി കേരളത്തിലേക്കു സർവീസ് നടത്തുന്ന ഇന്ത്യൻ വിമാന കമ്പനികളെല്ലാം നിരക്കു കുറച്ചു. ചില എയർലൈനുകൾ 40 കിലോ വരെ ലഗേജും അനുവദിക്കുന്നുണ്ട്.

എയർ ഇന്ത്യ

എയർ ഇന്ത്യയിൽ ദുബൈയിൽ നിന്നും ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും ദുബായിൽ നിന്ന് കൊച്ചിയിലേക്കും 300 ദിർഹത്തിന് (6781 രൂപ) പറക്കാനാകും.

ഇക്കോണമി ക്ലാസിൽ ലഗേജ് 40 കിലോയും ബിസിനസ് ക്ലാസിൽ 50 കിലോയും അനുവദിക്കും. എന്നാൽ, ഒരു പെട്ടിൽ 32 കിലോയിൽ കൂടരുതെന്ന നിബന്ധനയുണ്ട്. ഇപ്പോൾ ടിക്കറ്റ് എടുക്കുന്നവർക്ക് നവംബർ 30 വരെ യാത്ര ചെയ്യാം.

എയർ ഇന്ത്യ എക്സ്പ്രസ്

എയർ ഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽനിന്ന് കോഴിക്കോട്ടേക്കു 269 ദിർഹവും കൊച്ചിയിലേക്കു 380 ദിർഹവുമാണ് നിരക്ക്. തിരുവനന്തപുരം 445 ദിർഹം. മുംബൈ 279, ഡൽഹി 298, മംഗളൂരു 298 ദിർഹം, ജയ്പുർ 313, അമൃത് സർ–445, ലക്നൗ 449, തിരുച്ചിറപ്പള്ളി 570 ദിർഹം എന്നിങ്ങനെയാണ് മറ്റു സെക്ടറുകളിലെ നിരക്ക്. കൊച്ചിയിലേക്ക് ആഴ്ചയിൽ ഏഴും കോഴിക്കോട്ടേയ്ക്ക് 13 ഉം സർവീസുണ്ട്.

ഗോ ഫസ്റ്റ്

ഗോ ഫസ്റ്റ് വിമാനത്തിൽ ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് 316 ദിർഹമും അബുദാബിയിൽനിന്ന് കണ്ണൂരിലേക്ക് 337 ദിർഹമുമാണ് നിരക്ക്. അബുദാബിയിൽ നിന്ന് മുംബൈയിലേക്കു 291 ദിർഹമും ഡൽഹിയിലേക്ക് 341 ദിർഹമും നിരക്ക് മാത്രമാണുള്ളത്.

സ്പൈസ് ജെറ്റ്

285 ദിർഹത്തിനു സ്പൈസ് ജെറ്റിൽ ദുബായിൽനിന്ന് കൊച്ചിയിലേക്കു പറക്കാം. 40 കിലോ ലഗേജും അനുവദിക്കും.

ഇൻഡിഗോ

ഇൻഡിഗോയിൽ കേരളത്തിലേക്ക് 385 ദിർഹത്തിന് പറക്കാനാകും. 30 കിലോ ലഗേജ് മാത്രമാണ് അനുവദിക്കുന്നത്.

ആഭ്യന്തര എയർലൈനുകൾ നിരക്കു കുറയ്ക്കുന്നതോടെ വിദേശ വിമാന കമ്പനികളും നിരക്കു കുറയ്ക്കാൻ നിർബന്ധിതരായെങ്കിലും ഇത്രത്തോളം കുറച്ചിട്ടില്ല. ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്കു 620 ദിർഹമാണ് നിരക്ക്.


25 കിലോ ലഗേജ് അനുവദിക്കും. ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവയ്ക്കും ശരാശരി ഇതേ നിരക്കാണ്. മത്സരം മുറുകുന്നതോടെ ഇവരും നിരക്ക് കുറയ്ക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. നവംബർ അവസാനം വരെ ഇതേ നിരക്കു തുടരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!