തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗമാണ് ഇക്കാര്യം വിലയിരുത്തിയത്. നേരത്തെ ദേശീയ വ്യവസായ വികസന, ലോജിസ്റ്റിക് സർവീസ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. വ്യവസായ മേഖലക്ക് സ്വതന്ത്ര മന്ത്രാലയം സ്ഥാപിക്കുകയും മറ്റേതാനും പ്രോഗ്രാമുകളും വകുപ്പുകളും ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി ആറു വർഷത്തിനിടെ രാജ്യത്ത് വ്യവസായശാലകളുടെ എണ്ണം 50 ശതമാനം തോതിൽ വർധിച്ചു. 42 വർഷത്തിനിടെ 7206 ഫാക്ടറികളാണ് രാജ്യത്ത് സ്ഥാപിച്ചത്. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം വ്യവസായശാലകളുടെ എണ്ണം 10,640 ആയി ഉയർന്നു. 2035 ഓടെ ഫാക്ടറികളുടെ എണ്ണം 36,000 ഓളമായി ഉയർത്താനും വ്യവസായ മേഖലയിൽ വൻ വളർച്ച കൈവരിക്കാനും ദേശീയ വ്യവസായ തന്ത്രം പ്രവർത്തിക്കും.
സൗദിയിലെ വ്യാവസായിക സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിന് പന്ത്രണ്ടു ഉപമേഖലകളിൽ ദേശീയ വ്യവസായ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒരു ട്രില്യൺ റിയാലിലേറെ മൂല്യമുള്ള 800 ലേറെ നിക്ഷേപാവസരങ്ങളും തന്ത്രം നിർണയിച്ചിട്ടുണ്ട്. വ്യവസായ മേഖലയിൽ സുസ്ഥിര വികസനത്തിന്റെ പുതിയ അധ്യായത്തിന് ദേശീയ വ്യവസായ തന്ത്രം തുടക്കം കുറിക്കും. വ്യവസായ മേഖലയിലെ മൊത്തം ആഭ്യന്തരോൽപാദനം മൂന്നിരട്ടിയായി ഉയർത്തൽ, വ്യവസായ കയറ്റുമതി 557 ബില്യൺ റിയാലായി ഉയർത്തൽ, വ്യവസായ മേഖലയിലെ അധിക നിക്ഷേപങ്ങൾ 1.3 ട്രില്യൺ റിയാലിലെത്തിക്കൽ, ഹൈടെക് ഉൽപന്നങ്ങളുടെ കയറ്റുമതി ആറിരട്ടിയായി ഉയർത്തൽ, പതിനായിരക്കണക്കിന് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ സാമ്പത്തിക നേട്ടങ്ങൾ 2030 ഓടെ കൈവരിക്കാൻ ദേശീയ വ്യവസായ തന്ത്രം സഹായിക്കും.
ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ കിരീടാവകാശിയുടെ അധ്യക്ഷതയിൽ വ്യവസായ മേഖലക്ക് സുപ്രീം കമ്മിറ്റി രൂപീകരിച്ച് വ്യവസായ മേഖലക്ക് ഒരു ഭരണമാതൃക വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ വ്യവസായ മേഖലയുടെ വികസനത്തിന് കിരീടാവകാശി നേരിട്ട് മേൽനോട്ടം വഹിക്കും. കൂടാതെ നയരൂപീകരണത്തിലും തീരുമാനങ്ങളെടുക്കുന്നതിലും വ്യവസായ നിക്ഷേപകരുടെ പങ്കാളിത്തം ഉറപ്പാക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ വ്യവസായ സമിതിയും രൂപീകരിച്ചിട്ടുണ്ട്