യാംബു : സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് അറബ് രാജ്യങ്ങളോട് സൗദിയിലെ നാഇഫ് അറബ് സെക്യൂരിറ്റി സയൻസ് സർവകലാശാലയുടെ ആഹ്വാനം. യൂറോപ്പിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ അൽബേനിയൻ സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഈയിടെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സർവകലാശാലയുടെ നിർദേശം.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തേ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പരതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
അൽബേനിയൻ സർക്കാറിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം നടന്ന സൈബർ ആക്രമണം സർക്കാറിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും ഡേറ്റ, കത്തിടപാടുകൾ, ഔദ്യോഗിക വിവരങ്ങൾ എന്നിവ ചോർത്താനും ഹാക്ക് ചെയ്യാനും ലക്ഷ്യമിട്ടായിരുന്നെന്ന് സർവകലാശാല അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. സൈബർ ആക്രമണം ആ രാജ്യത്തെ എല്ലാ സർക്കാർ വെബ്‌സൈറ്റുകളും സേവനങ്ങളും തടസ്സപ്പെടുത്തി. സ്വകാര്യ മേഖല സ്ഥാപനങ്ങളെ അവരുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു.
റിയാദിൽ സ്ഥിതി ചെയ്യുന്ന നാഇഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസ്, സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും ഈ രംഗത്ത് ആവശ്യമായ സഹായങ്ങൾ നൽകാനും സുരക്ഷ സംവിധാനങ്ങൾ വികസിപ്പിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. അറബ് സമൂഹത്തെ കുറ്റകൃത്യങ്ങളിൽനിന്നും സൈബർ ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. അറബ് രാജ്യങ്ങളിലെ ആഭ്യന്തര, സാമൂഹിക കാര്യങ്ങൾ, തൊഴിൽ, നീതി, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ഏജൻസികൾക്ക് ആവശ്യമായ സേവനങ്ങൾ നൽകാനുള്ള ശാസ്ത്രീയ, സുരക്ഷാകേന്ദ്രമായി സർവകലാശാല പ്രവർത്തിക്കുന്നു. സൈബർ ആക്രമണങ്ങളുടെ അപകടം നേരത്തേ കണ്ടെത്തുന്നതിന് സർവകലാശാലയുടെ കീഴിൽ ‘സൈബർ ക്രൈം ആൻഡ് ഡിജിറ്റൽ ഫോറൻസിക് സെന്റർ’ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
സൈബർ സുരക്ഷ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധം നൽകാൻ നാഇഫ് അറബ് സർവകലാശാലയുടെ കീഴിൽ ‘സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ’, ‘സൈബർ സെക്യൂരിറ്റി ഇൻസ്‌റ്റന്റ് റെസ്‌പോണ്ടർ’ എന്നീ രണ്ടു പ്രത്യേക പരിശീലന പരിപാടികൾതന്നെ നടത്തുന്നുണ്ട്.
കുറ്റാന്വേഷണ രംഗത്ത് അന്താരാഷ്ട്ര സഹകരണം ഉണ്ടാക്കാൻ സ്ഥാപിതമായ വിവിധ രാജ്യങ്ങളിലെ പൊലീസ് സംഘടനകളുടെ കൂട്ടായ്മയായ ഇന്റർനാഷനൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ (ഇന്റർ പോൾ) അംഗീകരിച്ചതാണ് ഈ പരിശീലന പരിപാടികൾ. ഓൺലൈൻ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ശാസ്ത്രീയവും സാങ്കേതികവുമായ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനായി 2023ൽ ദക്ഷിണ കൊറിയൻ പൊലീസ് സേനയുമായി സഹകരിച്ച് അന്താരാഷ്ട്ര പരിശീലനക്കളരി നടത്താൻ സർവകലാശാല ആസൂത്രണം ചെയ്യുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.