റിയാദ്: ഈ കൊല്ലം മാത്രമല്ല, അടുത്ത വര്‍ഷവും ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുക സൗദിയിലായിരിക്കുമെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ട് പറഞ്ഞു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സൗദി അറേബ്യ ഈ വര്‍ഷം 9.9 ശതമാനവും അടുത്ത കൊല്ലം ആറു ശതമാനവും സാമ്പത്തിക വളര്‍ച്ച കൈവരിക്കും. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികളുടെയും പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന പണപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങളില്‍ ഇക്കൊല്ലവും അടുത്ത വര്‍ഷവും സാമ്പത്തിക വളര്‍ച്ച കുറയും.
ഉക്രൈന്‍, റഷ്യ സംഘര്‍ഷം, ഊര്‍ജ, ഭക്ഷ്യവസ്തു നിരക്കുകളുടെ വര്‍ധന, പണപ്പെരുപ്പം സൃഷ്ടിക്കുന്ന സമ്മര്‍ദം രൂക്ഷമാകല്‍, പണനയങ്ങള്‍ കര്‍ക്കശമാക്കല്‍, കോവിഡ്-19 ന്റെ പുതിയ വ്യാപന തരംഗങ്ങളുടെ ഫലമായ ലോക്ഡൗണുകള്‍ എന്നീ കാരണങ്ങളാല്‍ ആഗോള തലത്തില്‍ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് അവ്യക്തത നിലനില്‍ക്കുന്നു. ഇതിന് വിരുദ്ധമാണ് സൗദിയിലെ സ്ഥിതിഗതികള്‍. ലോക രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചകളുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് കുറച്ചു. ഭൂരിഭാഗം രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ച കുറയുമെന്നാണ് കരുതുന്നത്.
ഇതിന് വിപരീതമായി സൗദി അറേബ്യ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും സംഘടന പറഞ്ഞു.
സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തിനെയും ശക്തമായ ധനസ്ഥിതിയെയും അന്താരാഷ്ട്ര നാണയനിധി പ്രശംസിച്ചിട്ടുണ്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച തുടരാനും പണപ്പെരുപ്പം നിയന്ത്രിക്കാനും സൗദി അറേബ്യക്ക് സാധിച്ചതായി ഐ.എം.എഫ് പറഞ്ഞു. കൊറോണ മഹാമാരിയുടെ ഫലമായ മാന്ദ്യത്തില്‍ നിന്ന് സൗദി അറേബ്യ ശക്തമായി കരകയറിക്കൊണ്ടിരിക്കുകയാണ്.
പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നത് തുടരുന്നത് ശക്തവും സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വളര്‍ച്ച ഉറപ്പുവരുത്താന്‍ രാജ്യത്തെ സഹായിക്കും. പണലഭ്യതക്ക് പിന്തുണ നല്‍കുന്നതും സ്വകാര്യ മേഖലക്ക് അടക്കം പൊതുഖജനാവില്‍ നിന്ന് നല്‍കുന്ന പിന്തുണകളും പരിഷ്‌കരണങ്ങളും എണ്ണ വില വര്‍ധനയും എണ്ണയുല്‍പാദനം ഉയര്‍ന്നതും കൊറോണ മഹാമാരി പ്രത്യാഘാതങ്ങള്‍ വേഗത്തില്‍ തരണം ചെയ്ത് സാമ്പത്തിക ഉണര്‍വ് വീണ്ടെടുക്കാന്‍ സൗദി അറേബ്യയെ സഹായിച്ചതായി ഐ.എം.എഫ് പറഞ്ഞു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചു. കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ രണ്ടാം പാദത്തില്‍ സൗദി അറേബ്യ 12.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. പതിനൊന്നു വര്‍ഷത്തിനിടെ സൗദി അറേബ്യ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ഇക്കഴിഞ്ഞ രണ്ടാം പാദത്തിലെത്.
ഇതിനു മുമ്പ് 2011 മൂന്നാം പാദത്തില്‍ 13.6 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കൊറോണ മഹാമാരി വ്യാപനം കാരണം തുടര്‍ച്ചയായി ഏഴു പാദങ്ങളില്‍ പിന്നോട്ടടിച്ച ശേഷം തുടര്‍ച്ചയായി അഞ്ചാം പാദത്തില്‍ രേഖപ്പെടുത്തുന്ന സാമ്പത്തിക വളര്‍ച്ചയാണ് രണ്ടാം പാദത്തിലെത്. രണ്ടാം പാദത്തില്‍ എണ്ണ മേഖല കൈവരിച്ച വളര്‍ച്ച സര്‍വകാല റെക്കോര്‍ഡ് ആണ്. ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയര്‍താണ് ഈ നേട്ടത്തിന് സഹായിച്ചത്.
രണ്ടാം പാദത്തില്‍ പെട്രോളിതര മേഖല 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. 2011 രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. 2011 രണ്ടാം പാദത്തില്‍ എണ്ണയിതര മേഖലയില്‍ 9.6 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ഈ വര്‍ഷത്തെ ബജറ്റില്‍ 9,000 കോടി റിയാല്‍ മിച്ചമാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഈ കൊല്ലത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന പൊതുവരുമാനം 1.222 ട്രില്യണ്‍ റിയാലും ചെലവ് 1.132 ട്രില്യണ്‍ റിയാലുമാണ്. ഈ കൊല്ലം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബജറ്റ് മിച്ചം മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.3 ശതമാനനത്തിന് തുല്യമാണ്.
അടുത്ത വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന വരവ് 1.123 ട്രില്യണ്‍ റിയാലും ചെലവ് 1.114 ട്രില്യണ്‍ റിയാലുമാണ്.
അടുത്ത കൊല്ലം 900 കോടി റിയാലാണ് പ്രതീക്ഷിക്കുന്ന മിച്ചം. ഇത് മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 0.2 ശതമാനമാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 7,300 കോടി റിയാല്‍ കമ്മി നേരിട്ടിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.3 ശതമാനത്തിന് സമമാണ്. കഴിഞ്ഞ വര്‍ഷം പൊതുവരുമാനം 965 ബില്യണ്‍ റിയാലും ധനവിനിയോഗം 1.039 ട്രില്യണ്‍ റിയാലുമായിരുന്നു.