മസ്കത്ത്: എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ 24 മണിക്കൂറും ഇനി വാണിജ്യ ട്രക്കുകൾക്ക് ഗതാഗതം നടത്താം. അതിർത്തി ചെക്ക്പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് സൗദി അറേബ്യയിലെ ഒമാൻ എംബസി അറിയിച്ചു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ 12 മണിക്കൂറായിരുന്നു ട്രക്കുകൾക്ക് സർവിസ് നടത്താൻ സാധിച്ചത്.
സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ സയ്യിദ് ഫൈസൽ ബിൻ തുർക്കി അൽ സഈ സകാത്ത്, കഴിഞ്ഞ ദിവസം സൗദി നികുതി, കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാൻമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് ചെക്ക്പോസ്റ്റ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഹൈവേയുടെ സുരക്ഷയുടെ ഭാഗമായി റോയൽ ഒമാൻ പൊലീസ് അതിർത്തി ചെക്ക്പോസ്റ്റിൽ തുടക്കത്തിൽതന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. പാസ്‌പോർട്ട്, റസിഡൻസ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളുമാണ് അതിർത്തിയിൽ സജ്ജീകരിച്ചിട്ടുള്ളത്.
24 മണിക്കൂറും ട്രക്കുകൾക്ക് പാത തുറന്നുകൊടുക്കുന്നത് ഇരു രാജ്യങ്ങളിലെയും ചരക്കുനീക്കം കൂടുതൽ സുഗമമാക്കുകയും ലോജിസ്റ്റിക് മേഖലയിൽ കൂടുതൽ ഉണർവ് പകരുകയും ചെയ്യും.
അതേസമയം, ഒമാന്‍-സൗദി റോഡ് വഴി ഈ വർഷം ഇതിനകം നാലു ലക്ഷത്തോളം പേർ യാത്ര ചെയ്തതായി ഗതാഗത, വാര്‍ത്തവിനിമയ, വിവരസാങ്കേതിക മന്ത്രി സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്വാലി നേരത്തെ അറിയിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം യാത്രക്കാരുടെ എണ്ണവും ചരക്കുകടത്തും മൂന്നിരട്ടി വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഞ്ച് ലക്ഷം ടണ്ണോളം ചരക്കുനീക്കവും ഈ വർഷം സെപ്റ്റംബർ ആദ്യവാരം വരെ നടന്നിട്ടുണ്ട്. എംപ്റ്റി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ സൗദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനായിരുന്നു ഉദ്ഘാടനം ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു റോഡ് തുറന്നുകൊടുത്തത്.
മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണിത്. നേരത്തെ യു.എ.ഇയിലൂടെ കടന്നുപോകുന്ന 1638 കിലോമീറ്റര്‍ ദൂരമുള്ള റൂട്ടാണ് സൗദിയുമായി ഒമാനെ ബന്ധിപ്പിക്കുന്ന കരമാര്‍ഗം. ഈ യാത്രക്ക് 16 മുതല്‍ 18 വരെ മണിക്കൂര്‍ സമയമെടുക്കും. എന്നാല്‍, പുതിയ റോഡ് വന്നതോടെ 800 കിലോമീറ്റര്‍ ദൂരം കുറയും. ഇബ്രിയിലെ തനാമില്‍നിന്നാണ് ഒമാനില്‍ റോഡ് ആരംഭിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് റോഡ് ഉപയോഗിച്ചുവരുന്നുണ്ട്. ഖരീഫ് സമയത്ത് നിരവധി ആളുകളാണ് ഈ പാതയിലൂടെ ഒമാനിൽ എത്തിയത്.