തുറൈഫ്- പകർച്ചവ്യാധി കാരണം തുറൈഫ് നഗരത്തിൽ കുത്തിവെപ്പിന് പ്രത്യേക കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പനിയും ജലദോഷവും പകർന്നുള്ള രോഗബാധിതർ വർധിച്ചതിനാൽ ജനങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിനായാണ് നഗരത്തിൽ പ്രത്യേക കേന്ദ്രമാരംഭിച്ചത്. ജനറൽ ആശുപത്രിക്കും ഡിസ്പെൻസറികൾക്കും പുറമെയാണിത്.
നഗര മധ്യേയുള്ള മുനിസിപ്പാലിറ്റിയുടെ കൺവെൻഷൻ സെന്ററാണ് പ്രതിരോധ കുത്തിവെപ്പിനുള്ള പുതിയ കേന്ദ്രം. ആരോഗ്യ വകുപ്പ് പകർച്ച വ്യാധികൾക്കെതിരെ ബോധവൽക്കരണം നടത്താനായി കാമ്പയിൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമാണ് കുത്തിവെപ്പ് കേന്ദ്രവും ഹോം സർവീസും. ഒരാഴ്ചയായി ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ എണ്ണം ദിനേന വർധിച്ചിരുന്നു. തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ തുടങ്ങി വിവിധ തലങ്ങളിൽ ഉള്ളവർക്ക് പനിയും ജലദോഷവും വന്ന് ചികിത്സ തേടുകയാണ്. രോഗ ബാധിതരോട് പൊതു ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ഡോക്ടർമാരും ആരോഗ്യ വകുപ്പും നിർദേശം നൽകിയിരിക്കുകയാണ്