റിയാദ് – വേലക്കാരികൾ ഭക്ഷണം പാകം ചെയ്യുകയോ കുട്ടികളെ പരിചരിക്കുകയോ ചെയ്യേണ്ടതില്ലെന്ന് റിക്രൂട്ട്മെന്റ് ഓഫീസ് ഡയറക്ടർ അസ്മാ അൽസൽമി പറഞ്ഞു. ഭക്ഷണം പാകം ചെയ്യലും കുട്ടികളുടെ പരിചരണവും നിയമപ്രകാരം വേലക്കാരികളുടെ കടമകളിൽ പെട്ടതല്ല. ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ പരിചരിക്കാനും വേലക്കാരികളെ നിർബന്ധിക്കുന്നത് റിക്രൂട്ട്മെന്റ് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്.
തൊഴിലുടമകളുമായും വേലക്കാരികളുമായും ആശയവിനിമയങ്ങൾ നടത്തി റിക്രൂട്ട്മെന്റ് ഓഫീസുകൾ വേലക്കാരികളുടെ കടമകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിശദീകരിച്ചുനൽകുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനും കുട്ടികളെ പരിചരിക്കാനും തൊഴിലുടമകൾ വേലക്കാരികളുമായി ധാരണയിലെത്തുന്ന പക്ഷം അതിൽ തെറ്റില്ല. ആയ, പാചകക്കാരി പ്രൊഫഷനുകളിൽ വനിതാ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ ലഭിക്കും.
തൊഴിൽ കരാർ കാലാവധി പൂർത്തിയാക്കാൻ വേലക്കാരി വിസമ്മതിക്കുന്ന പക്ഷം പ്രശ്ന പരിഹാരത്തിന് സഹായിക്കാൻ റിക്രൂട്ട്മെന്റ് ഓഫീസുകൾ ശ്രമിക്കും. ഭൂരിഭാഗം കേസുകളിലും മറ്റൊരു വീട്ടിലേക്ക് ജോലി മാറാൻ വേലക്കാരികൾക്ക് എതിർപ്പുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളിൽ തൊഴിൽ കരാറിൽ ശേഷിക്കുന്ന കാലത്തെ വകയിലെ നഷ്ടപരിഹാരം തൊഴിലുടമകൾക്ക് നൽകി പ്രശ്നം പരിഹരിക്കുകയാണ് റിക്രൂട്ട്മെന്റ് ഓഫീസുകൾ ചെയ്യുകയെന്നും അസ്മാ അൽസൽമി പറഞ്ഞു