പുതിയ സിലിണ്ടറിന് വില 409 റിയാൽ
റിയാദ്- സൗദിയിൽ ഫൈബർ ഗ്ലാസിൽ നിർമിച്ച പുതിയ ഗ്യാസ് സിലിണ്ടറുകൾ ലഭ്യമായിത്തുടങ്ങി. ഭാരം കുറഞ്ഞതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും കൂടുതൽ സുരക്ഷിതവുമാണ് പുതിയ സിലിണ്ടറുകൾ. ഗ്യാസ്‌കോ കമ്പനി പുറത്തിറക്കിയ പുതിയ സിലിണ്ടറുകൾക്ക് പഴയ സിലിണ്ടറുകളെ അപേക്ഷിച്ച് ഭാരം കുറവാണെന്ന് ഗ്യാസ്‌കോ ഓപ്പറേഷനൽ എക്‌സലൻസ് മാനേജർ നാസിർ അൽഅനസി പറഞ്ഞു. ഫൈബർ ഗ്ലാസിൽ നിർമിച്ച പുതിയ സിലിണ്ടറുകൾക്ക് പഴയ സിലിണ്ടറുകളെ അപേക്ഷിച്ച് 40 ശതമാനം ഭാരം കുറവാണ്.
പുതിയ സിലിണ്ടറിന് 409 റിയാലും പഴയ സിലിണ്ടറിന് 150 റിയാലുമാണ് വില. പുതിയ സിലിണ്ടറുകൾ കൂടുതൽ സുരക്ഷിതവും പ്രകൃതി സൗഹൃദവുമാണ്. പഴയ സിലിണ്ടറുകളുടെയും പുതിയ സിലിണ്ടറുകളുടെയും ഉപയോഗം ഒന്നു തന്നെയാണ്. പുതിയ സിലിണ്ടറുകളിൽ സുരക്ഷാ നിലവാരം കൂടുതലാണ്. പരീക്ഷണങ്ങൾ നടത്തി ഉറപ്പുവരുത്തിയ ശേഷമാണ് ഫൈബർ ഗ്ലാസ് സിലിണ്ടറുകൾക്ക് അംഗീകാരം നൽകി കമ്പനി വിപണിയിലിറക്കിയത്. പുതിയ സിലിണ്ടറുകളിൽ 11 കിലോ ഗ്യാസ് ആണ് നിറയ്ക്കുന്നതെന്നും നാസിർ അൽഅനസി പറഞ്ഞു.
പഴയ സിലിണ്ടറുകളുടെ ഉയരം 53.4 സെന്റീമീറ്ററും ഫൈബർ ഗ്ലാസ് സിലിണ്ടറുകളുടെ ഉയരം 57.10 സെന്റീമീറ്ററുമാണ്. ഭാരക്കുറവിനു പുറമെ ഉറപ്പും സുരക്ഷിതത്വവും പരിസ്ഥിതി സൗഹൃദവും പുതിയ സിലിണ്ടറിന്റെ പ്രത്യേകതകളാണ്. ഗ്യാസ് അടക്കം പഴയ സിലിണ്ടറിന്റെ ഭാരം 27 കിലോയും പുതിയ സിലിണ്ടറിന്റെ തൂക്കം 16.4 കിലോയുമാണ്