273 ഇലക്ട്രിക് വാഹനങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിലാണ്.
നിരത്തിലിറങ്ങിയ വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി 8379 ഉപയോക്താക്കൾ ഗ്രീൻ ചാർജിങ് സംവിധാനങ്ങൾ 2015 മുതൽ റജിസ്റ്റർ ചെയ്തതായി ദുബായ് ജല, വൈദ്യുതി വകുപ്പ് മേധാവി സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം 2014ലാണ് ഗ്രീൻ ചാർജിങ് സംവിധാനങ്ങൾ ദീവ നടപ്പാക്കിയത്.
2030 ആകുന്നതോടെ പുറന്തള്ളപ്പെടുന്ന കാർബൺ തോത് 30 ശതമാനം കുറയ്ക്കാനുള്ള പദ്ധതികളും ജല – വൈദ്യുതി വകുപ്പു ആവിഷ്കരിച്ചു. പ്രകൃതി സൗഹൃദ വാഹനങ്ങൾ ദൈനംദിന യാത്രാ സംവിധാനമാക്കാൻ പൊതുസമൂഹത്തെ പ്രേരിപ്പിക്കും. ഇതിലൂടെ ഇന്ധനോപയോഗം 73% കുറയ്ക്കാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
വാഹനം റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മണിക്കൂറിനകം ചാർജ് ചെയ്യാനാകുന്ന സംവിധാനം ആർടിഎയുമായി സഹകരിച്ച് നടപ്പാക്കും. ഗ്രീൻ ചാർജിങ്ങിനായി മാത്രം പ്രത്യേക അക്കൗണ്ട് ഉപയോക്താക്കൾക്ക് നൽകാനാണ് തീരുമാനം. ദീവ വെബ്സൈറ്റ്, മൊബൈൽ ആപ് വഴി റജിസ്റ്റർ ചെയ്യാനാകും. ഏതെല്ലാം മേഖലകളിലാണ് ചാർജിങ് സംവിധാനമുള്ളതെന്ന് മുൻകൂട്ടി അറിയാനും ഇവർക്കു സാധിക്കും. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭ്യമാക്കാൻ www.dubaiievhub.ae വെബ് സൈറ്റ് സന്ദർശിക്കാമെന്നും സയീദ് പറഞ്ഞു.
നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 336 ഗ്രീൻ ചാർജർ സ്റ്റേഷനുകൾ എമിറേറ്റിന്റെ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മൊത്തം 600 ചാർജിങ് മെഷീനുകളുണ്ട്. 2025 ആകുന്നതോടെ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ആയിരമാക്കുമെന്നു ദീവ അറിയിച്ചു. 2030 ആകുന്നതോടെ ലോകത്തു 14.5 കോടി ചെറുതും വലുതുമായ ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ ഇറക്കാൻ രാജ്യാന്തര ഊർജ ഏജൻസികൾ കരാർ ഒപ്പിട്ടുണ്ട്.