റിയാദ് – സെപ്റ്റംബർ മാസത്തിൽ സൗദിയിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പം രേഖപ്പെടുത്തിയത് ജിസാനിലും ജിദ്ദയിലും. സെപ്റ്റംബറിൽ സൗദിയിൽ മൊത്തത്തിലുള്ള ശരാശരി പണപ്പെരുപ്പം 3.1 ശതമാനമാണ്. നാലു നഗരങ്ങളിൽ പണപ്പെരുപ്പം രാജ്യത്തെ മൊത്തം ശരാശരി നിരക്കിനെക്കാൾ കൂടുതലാണ്. ജിസാനിൽ 5.3 ശതമാനവും ജിദ്ദയിൽ 4.3 ശതമാനവും സകാക്കയിൽ 3.9 ശതമാനവും റിയാദിൽ 3.2 ശതമാനവുമാണ് പണപ്പെരുപ്പം.
രാജ്യത്തെ ശരാശരി പണപ്പെരുപ്പമായ 3.1 ശതമാനം തന്നെയാണ് ദമാമിൽ രേഖപ്പെടുത്തത്. പത്തു നഗരങ്ങളിൽ ശരാശരിയിലും കുറഞ്ഞ പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയത്. ഹുഫൂഫിലും അബഹയിലും 2.7 ഉം മക്കയിൽ 2.4 ഉം മദീനയിൽ 2.3 ഉം ബുറൈദയിൽ 2.2 ഉം തബൂക്കിൽ 2 ഉം അൽബാഹയിൽ 1.7 ഉം ഹായിലിലും ഖത്തീഫിലും 1.6 ഉം അറാറിൽ 0.9 ഉം ശതമാനമാണ് പണപ്പെരുപ്പം. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നിരക്കുകൾ കുറഞ്ഞ സൗദിയിലെ ഏക നഗരം നജ്‌റാൻ ആണ്. രാജ്യത്തെ മൊത്തം നിലവിലുള്ള ദിശക്ക് എതിരായി നജ്‌റാനിൽ നിരക്കുകൾ 0.6 ശതമാനം തോതിൽ കുറഞ്ഞു.
കഴിഞ്ഞ കൊല്ലം സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 3.1 ശതമാനം തോതിലും ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ 0.3 ശതമാനം തോതിലും പണപ്പെരുപ്പം ഉയർന്നിരുന്നു. 2021 ജൂൺ മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് സെപ്റ്റംബറിലെത്. കഴിഞ്ഞ വർഷം ജൂണിൽ പണപ്പെരുപ്പം 6.2 ശതമാനമായിരുന്നു. സെപ്റ്റംബറിൽ പാർപ്പിട വാടക 3.6 ശതമാനം തോതിൽ വർധിച്ചു. തുടർച്ചയായി 61 മാസം കുറഞ്ഞ ശേഷം തുടർച്ചയായി ഏഴാം മാസമാണ് സെപ്റ്റംബറിൽ പാർപ്പിട വാടക ഉയരുന്നത്. ജനുവരിയിൽ 1.7 ശതമാനവും ഫെബ്രുവരിയിൽ 0.3 ശതമാനവും തോതിൽ പാർപ്പിട വാടക കുറഞ്ഞിരുന്നു. മാർച്ചിൽ 0.2 ഉം ഏപ്രിലിൽ 0.2 ഉം മെയ് മാസത്തിൽ 0.5 ഉം ജൂണിൽ 1.1 ഉം ജൂലൈയിൽ 2.1 ഉം ഓഗസ്റ്റിൽ 2.7 ഉം സെപ്റ്റംബറിൽ 3.6 ഉം ശതമാനം തോതിൽ പാർപ്പിട വാടക ഉയർന്നു.