ഹറംകാര്യ വകുപ്പ് ഹറമിൽ പുതുതായി ഏർപ്പെടുത്തിയ ഇലക്ട്രിക് കാർട്ട്.
മക്ക – തീർഥാടകരുടെ ഉപയോഗത്തിന് ഹറംകാര്യ വകുപ്പ് വിശുദ്ധ ഹറമിൽ പുതിയ ഇലക്ട്രിക് കാർട്ട് ഏർപ്പെടുത്തി.
ഉംറ കർമത്തിന്റെ ഭാഗമായ ത്വവാഫ്, സഅ്‌യ് കർമങ്ങൾ നിർവഹിക്കാൻ വയോജനങ്ങൾക്കും വികലാംഗർക്കും അവശവിഭാഗങ്ങളിൽ പെട്ടവർക്കും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് കാർട്ട് ഏർപ്പെടുത്തിയത്.
2.98 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഇലക്ട്രിക് കാർട്ട് ആഗോള സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായ എട്ടു ഡ്രൈ ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 30 കിലോമീറ്റർ ദൂരം താണ്ടാൻ ഈ കാർട്ടിന് സാധിക്കും. കൂട്ടിയിടിക്കൽ ഒഴിവാക്കാനും വേഗത നിയന്ത്രിക്കാനും ഇലക്ട്രിക് കാർട്ടിന്റെ മുൻവശത്ത് സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡോറുകൾ തുറക്കുമ്പോൾ സഞ്ചരിക്കാതിരിക്കാനും ഓട്ടോമാറ്റിക് ആയി നിർത്താനും വേറെ സെൻസറുകളും കാർട്ടിലുണ്ട്. സ്റ്റിയറിംഗും സെൻസറുകളും നിയന്ത്രിക്കുന്ന ഹൈടെക് സ്റ്റിയറിംഗ് വീലും കാർട്ടിലുണ്ട്.
ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ ഫൈബർ ഗ്ലാസ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. യാത്രക്കാർ കാർട്ടിന്റെ പരിധിക്കുള്ളിലാണ് എന്ന് ഉറപ്പുവരുത്താൻ ഉയരത്തിലാണ് ഡോറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഡ്രൈവറെ കൂടാതെ ഏഴു പേർക്ക് ഒരേസമയം കാർട്ടിൽ യാത്ര ചെയ്യാൻ സാധിക്കും. റിവേഴ്‌സ് എടുക്കുന്നത് ഒഴിവാക്കാൻ 360 ഡിഗ്രിയിൽ തിരിയാൻ കാർട്ടിന് കഴിയും. വലിയ ലിഫ്റ്റുകളിൽ പ്രവേശിക്കാനും ത്വവാഫിനും സഅ്‌യിനും നീക്കിവെച്ച ട്രാക്കുകളിലൂടെ സുഗമമായി സഞ്ചരിക്കാനും ഇതിലൂടെ കാർട്ടിന് സാധിക്കും. പരുക്കൻ തറയിലൂടെ സഞ്ചരിക്കുമ്പോൾ കുലുക്കം കുറക്കാനും ഇതിന് കഴിയും. ഹറമിൽ സിംഗിൾ സീറ്റ്, ഡബിൾ സീറ്റ് ഇലക്ട്രിക് വീൽചെയറുകൾ നേരത്തെ മുതലുണ്ട്. ഇതിനു പുറമെയാണ് ഒരേസമയം ഏഴു തീർഥാടകർക്കും ഡ്രൈവർക്കും സഞ്ചരിക്കാൻ വിശാലമായ പുതിയ കാർട്ട് ഹറംകാര്യ വകുപ്പ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്നത്